നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു

12.28 AM 25-07-2016

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹം രാജിസമര്‍പ്പിച്ചത്. പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കമാണു രാജിയില്‍ കലാശിച്ചത്. ഒമ്പതുമാസം പിന്നിട്ട ഒലിയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) പിന്‍വലിച്ചതിനെത്തുടര്‍ന്നാണു ഭരണം പ്രതിസന്ധിയിലായത്. ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു മാവോവാദിനേതാവ് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ആരോപിച്ചു. ധാരണയിലെത്തിയിരുന്ന ഒമ്പത് കരാറുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ച് മാവോവാദികള്‍ സര്‍ക്കാരിനുള്ള പിന്തുണയും പിന്‍വലിച്ചു.
വോട്ടെടുപ്പിനു മുന്നോടിയായി ഒലി ഞായറാഴ്ച സഭയെ അഭിസംബോധനചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനുമുമ്പുതന്നെ രാജിസമര്‍പ്പിക്കുകയായിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച മാവോവാദികള്‍ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതോടെയാണു വിശ്വാസവോട്ടെടുപ്പിനു കളമൊരുങ്ങിയത്.