നോട്ട് പിന്‍വലിക്കല്‍: പ്രതിഷേധ മാര്‍ച്ചിനൊപ്പം ശിവസേനയും

03:31 PM 16/11/2016
download (1)
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്‍റില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനൊപ്പം എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയും പങ്ക് ചേര്‍ന്നു. കള്ളപ്പണം തടയുന്നതിനായുളള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് എതിരിലല്ല തങ്ങളുടെ നടപടിയെന്നും നോട്ട് മാറ്റത്തിന്‍െറ പേരില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് എതിരായാണെന്നും സേന പ്രതികരിച്ചു. ആസൂത്രണമില്ലാതെ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്് തീരുമാനത്തിനെതിരെ പാര്‍ലമെന്‍റില്‍ ഇന്ന് രാവിലെ മുതല്‍ പ്രതിപക്ഷ കക്ഷികല്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് രാജ്യസഭയിൽ സർക്കാർ നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ചത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ക്യൂവിൽ നിർത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് പിൻവലിച്ച നടപടി രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഉണ്ടാക്കിയെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു. ഇതെന്ത് നിയമമാണ്. കള്ളപ്പണത്തിനെതിരെയാണോ പ്രധാനമന്ത്രിയുടെ നടപടിയെന്നും അദ്ദേഹം ചോദിച്ചു. ചോദ്യം ചെയ്യുന്നവരെയല്ലാം രാജ്യദ്രോഹികളാക്കുന്ന സ്ഥിതി പ്രധാനമന്ത്രി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക എന്ത്കൊണ്ട് സർക്കാർ പുറത്തുവിടുന്നില്ല. എത്ര വമ്പൻമാരുടെ വായ്പകളാണ് സർക്കാർ എഴുതി തള്ളിയതെന്ന കാര്യവും പുറത്ത് വിടണമെന്നും ആനന്ദ ശർമ പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മോദി പറയുന്നു. എങ്കിൽ ആരാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. മോദിക്ക് ദീർഘായുസുണ്ടാകട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.