നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി.

09:24 am 13/10/2016
th

പുണെ: മുംബൈയോടേറ്റ തോല്‍വിക്ക് പുണെയില്‍ കണക്കുതീര്‍ത്ത് വടക്കന്‍ പോരാളികള്‍ വീണ്ടും വിജയവഴിയില്‍. ഐ.എസ്.എല്ലില്‍ നാലാം മത്സരത്തിനിറങ്ങിയ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പുണെ സിറ്റി എഫ്.സിയെ കീഴടക്കി. കളിയുടെ 79ാം മിനിറ്റില്‍ ഉറുഗ്വായ് താരം എമിലിയാനോ അല്‍ഫാരോ നേടിയ ഉജ്ജ്വല ഗോളിലൂടെയായിരുന്നു ജയം.

ഇരുനിരയും പത്തു പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. 37ാം മിനിറ്റില്‍ നിസ്സാരമായൊരു ടാക്ളിങ്ങിന്‍െറ പേരില്‍ നോര്‍ത് ഈസ്റ്റ് ഡിഫന്‍ഡര്‍ നിര്‍മല്‍ ഛേത്രി ചുവപ്പുകാര്‍ഡുമായി പുറത്തായപ്പോഴാണ് ഗാലറി ആദ്യം ഞെട്ടിയത്. പിന്നീടുള്ള നിമിഷങ്ങളില്‍ ജൊനാഥന്‍ ലൂകയും അനിബാലും നയിച്ച പുണെ മുന്നേറ്റത്തെ ഏറെ പാടുപെട്ടാണ് നോര്‍ത് ഈസ്റ്റ് ചെറുത്തത്. ഗോള്‍വലക്കു കീഴില്‍ സുബ്രതാപാലും മികച്ച ഫോമിലായിരുന്നു. രണ്ടാം പകുതിയിലെ 72ാം മിനിറ്റില്‍ പുണെ ഡിഫന്‍ഡര്‍ എഡ്വേര്‍ഡോ ഫെരീറ രണ്ടാം മഞ്ഞക്കാര്‍ഡുമായി മടങ്ങിയതോടെ ഇരുപക്ഷവും പത്തിലത്തെി. ഇതിനു പിന്നാലെയാണ് ഗോള്‍ പിറന്നത്.