നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

12.52 PM 11/11/2016
suicide_by_hanging__760x400
ഹൈദരാബാദ്: 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലുങ്കാന മഹ്ബുബ്നഗർ ജില്ലയിലെ ഷെനഗാപുരത്താണ് സംഭവം. കണ്ടുകുറി വിനോദ എന്ന 55കാരിയാണ് ജീവനൊടുക്കിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അടുത്തിടെ കണ്ടുകുറി വിനോദ തന്‍റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തിയിരുന്നു. ഭർത്താവിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായായിരുന്നു ഭൂമി വിറ്റത്. 56.40 ലക്ഷം രൂപയാണ് ഭൂമി വിറ്റപ്പോൾ ലഭിച്ചത്.
ഈ പണം മുഴുവൻ 500, 1000 നോട്ടുകളാണ് ലഭിച്ചതും ഇവർ സൂക്ഷിച്ചിരുന്നതും. രണ്ടു ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചശേഷം ബാക്കിയുള്ള പണം, വീട്ടമ്മ സുരക്ഷിതമായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് നോട്ടുകൾ നിരോധിച്ചതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. ഇതോടെ ഇവർ അസ്വസ്‌ഥയായിരുന്നു.
ഇതിനുപിന്നാലെ പണം ബാങ്കിൽ നൽകി മാറിയെടുക്കുന്നത് മക്കൾ തത്കാലത്തേക്കു വിലക്കുകയും ചെയ്തു. വലിയ പണം സൂക്ഷിക്കുന്നവർ നികുതിയും പിഴയും അടയ്ക്കണമെന്ന ധനമന്ത്രിയുടെ പ്രസ്താവനയും പിന്നാലെ വന്നു. ഇതോടെ കൈയിലുള്ള പണം നഷ്‌ടപ്പെടുമെന്ന ഭീതിയിൽ,
ബുധനാഴ്ച രാത്രി വീട്ടമ്മ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരിയാണ്.