നോര്‍ത്ത് അമേരിക്കന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി കൈരളി സ്കാര്‍ബറോ വീണ്ടും!

09:50 am 12/8/2016

Newsimg1_31301798
നോര്‍ത്ത് അമേരിക്കന്‍ ക്രിക്കറ്റ് ചാമ്പ്യന്മാരായി സ്കാര്‍ബറോ വീണ്ടും! ആവേശത്തിന്റെ ചൂടും ചൂരും നിറച്ച്­ കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഇത് നാലാം തവണ ആണ് കൈരളിയുടെ ചുണക്കുട്ടന്മാര്‍ ക്രീസില്‍ ചരിത്രം രചിച്ചത്. ഫൈനലില്‍ മാസ്‌റ്റേഴ്‌സ് ടീമിനെ 16 റണ്‍സിന്­ കെട്ടുകെട്ടിച്ച്­, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നാലിലും കൈരളി സ്കാര്‍ബറോ ചാമ്പ്യന്‍മാര്‍ ആകുമ്പോള്‍, അതില്‍ സ്വയം മതിമറക്കാതെ ടീം സ്പിരിറ്റിന്റെ കടലോളം ആഴമുള്ള ഊര്‍ജ്­ജമാണ്­ വിജയമന്ത്രം എന്ന് ഓരോ നിമിഷവും തെളിയിക്കുകയാണ് കൈരളി!

ഹാമില്‍ട്ടണ്‍ കൈരളി സമാജം ഒരുക്കിയ അഞ്ചാമത് നോര്‍ത്ത് അമേരിക്കന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൈരളി സ്കാര്‍ബറോ വിജയിക്കുന്‌പോള്‍ അതിനു ചുക്കാന്‍ പിടിച്ചത് എം.വി.പി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രവീണ്‍ ജോയി, മികച്ച ബൗളര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വിഷ്ണു പി. രവി എന്നിവര്‍ ആണ്! ഇത് കൂടാതെ ഓരോ കളിക്കാരും എണ്ണ ഇട്ട യന്ത്രം പോലെ കളിക്കളത്തില്‍ നിറഞ്ഞാടുമ്പോള്‍ ഒരു കാവ്യനീതിയുടെ പൂര്‍ത്തീകരണം പോലെ വിജയം അവരെ തേടി എത്തുകയായിരുന്നു! ടീം ക്യാപ്ടന്‍ അജിത് ജോണ്‍, കോച്ച് ജോസഫ്, മാനേജര്‍ ബെന്നി നരിക്കുഴി, കോര്‍ഡിനേറ്റര്‍സ് ആയ സണ്ണി തോപ്പില്‍, ഡിറ്റോ ജോസ് എന്നിവരുടെ പഴുതുകളില്ലാത്ത സംഘാടക മികവുകൂടി ആകുമ്പോള്‍ ഒരു ടീം എന്ന നിലയില്‍ കൈരളി സ്കാര്‍ബറോ തങ്ങളുടെ ലക്ഷ്യത്തിലേക്കു നടന്നു അടുക്കുകയായിരുന്നു! ക്ലബ് പ്രസിഡന്റ് ആന്റൂ വാളൂക്കാരന്റെ നേതൃത്വത്തില്‍ ക്ലബ് അംഗങ്ങളും, സപ്പോര്‍ട്ടേഴ്‌­സും നല്‍കുന്ന അകൈതവമാര്‍ന്ന പിന്തുണ വിജയവഴികളില്‍ എന്നും കൈരളി സ്കാര്‍ബറോ തുണയാണ്!

ഇത് കൂടാതെ കാനഡയില്‍, ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്ലബ് ക്രിക്കറ്റ് പ്രൊഫഷണല്‍ ലീഗില്‍ ജോയിന്‍ ചെയ്യുന്നതും കൈരളി സ്കാര്‍ബറോ ആണെന്നുള്ളത് ഓരോ കൈരളി അംഗംങ്ങളേയും സംബന്ധിച്ചു അഭിമാനാര്‍ഹമായ നേട്ടമാണ്! ബ്രാംപ്ടന്‍­ എറ്റോബികോക്ക്­ ലീഗ്­ല്‍ പ്ലേയ് ഓഫ് നേട്ടത്തിന്റെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ കൂട്ടായ്മയുടെ, സൗഹൃദത്തിന്റെ തേരിലേറി ഈ കൊച്ചു ക്ലബ്ബും മണ്ണില്‍ തൊട്ടു മുന്നോട്ടു കുതിക്കുകയാണ്, അഹങ്കാരഭാവങ്ങള്‍ തെല്ലുമില്ലാതെ അജയ്യരായി!