ന്യൂജേഴ്‌സി മെറ്റുച്ചന്‍ ഡയോസിസ് ബിഷപ്പായി ജയിംസ് എഫ്. ചെച്ചിയോ അഭിഷിക്തനായി

09:40am 8/5/2016

– പി.പി. ചെറിയാന്‍
Newsimg1_66161362
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മെറ്റുച്ചന്‍ റോമന്‍ കത്തോലിക്കാ ബിഷപ്പായി ജയിംസ് എഫ്. ചെച്ചിയോ അഭിഷിക്തനായി. സൗത്ത് പ്ലെയിന്‍ ഫീല്‍ഡ് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ മെയ് മൂന്നിനു നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ന്യൂവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ജെ. മയേഴ്‌സ് മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പ് സുള്ളിവാന്‍, ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ഹെബ്ഡ, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വൈദീകര്‍, കന്യാസ്ത്രീകള്‍, കമ്യൂണിറ്റി ലീഡേഴ്‌സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിലവിലുള്ള ബിഷപ്പ് പോള്‍ ബൂട്ടോസ്കി എഴുപത്തഞ്ചാം വയസില്‍ റിട്ടയര്‍ ചെയ്തതിനെ തുടര്‍ന്നു മോണ്‍ ജയിംസ് ചെച്ചിയോയെ മാര്‍ച്ചില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ ബിഷപായി നാമനിര്‍ദേശം ചെയ്തു. കാംഡന്‍ ഡയോസിസില്‍ 1992-ല്‍ കത്തോലിക്കാ സഭയിലെ വൈദീകനായ ഫാ. ജയിംസ് ഈവര്‍ഷം ഏപ്രില്‍ 21-നാണ് അമ്പതാം ജന്മദിനം ആഘോഷിച്ചത്.

മെറ്റുച്ചന്‍ ഡയോസിസില്‍ ഒരു ഇടയനായി സേവനം അനുഷ്ഠിക്കാന്‍ ലഭിച്ച അവസരത്തിനായി ദൈവത്തോടും പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും കഴിഞ്ഞ പതിനാലു വര്‍ഷം ഈ ഡയോസിസിന്റെ ബിഷപ്പായി പ്രവര്‍ത്തിച്ച ബുട്ടോസ്കിയോടും വിശ്വാസി സമൂഹത്തോടും നന്ദിപറയുന്നുവെന്നും സ്ഥാനാഭിഷേക ശുശ്രൂഷയ്ക്കുശേഷം ബിഷപ്പ് ജയിംസ് ചെച്ചിയോ പറഞ്ഞു.

ന്യൂജേഴ്‌സി മെഡില്‍സെക്‌സ്, സോമര്‍സെറ്റ്, ഹണ്ടര്‍ഡന്‍, വാറന്‍ കൗണ്ടികളാണ് മെറ്റുച്ചന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 644851 അംഗങ്ങളുണ്ട്. ന്യൂജേഴ്‌സി എഡിസണില്‍ നിന്നും മെറ്റുച്ചന്‍ ഡയോസിസിലെ ഫാ. പോളി തെക്കന്‍ സിഎംഐ അറിയിച്ചതാണി­ത്.