09:20 am 7/6/2017
കാർഡിഫ്: ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യമായ 311 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് 44.3 ഓവറിൽ പോരാട്ടം അവസാനിപ്പിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്ന ഇംഗ്ലീഷുകാർ കാര്യമായ വെല്ലുവിളികളില്ലാതെ രണ്ടുപോയിന്റ് കീശയിലാക്കുകയായിരുന്നു. ഇംഗ്ലീഷുകാരെ പിന്തുടർന്ന ന്യൂസിലൻഡ് ഒരു ഘട്ടത്തിൽപോലും വിജയപ്രതീക്ഷ നൽകിയില്ല.
അർധശതകവുമായി കെയ്ൻ വില്യംസണിന്റെ (87) പോരാട്ടം മാത്രമായിരുന്നു ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ സവിശേഷത. തുടക്കംതന്നെ പാളിയ കിവികൾക്ക് വില്യംസണും റോസ് ടെയ്ലറും (39)ചേർന്നപ്പോൾ മാത്രമായിരുന്നു അൽപമെങ്കിലും പ്രതീക്ഷയുണ്ടായിരുന്നത്. ഓപ്പണർ ലൂക്ക് റോഞ്ചി പൂജ്യത്തിനും ഗുപ്റ്റിൽ 27 റൺസിനും പുറത്തായ ശേഷമായിരുന്നു ടെയ്ലർ, വില്യംസൺ കൂട്ടുകെട്ട്. എന്നാൽ ഈ കൂട്ടുകെട്ടും പിരിഞ്ഞതോടെ പിന്നാലെവന്നവർ വന്നതുപോലെ മടങ്ങി. നാലു വിക്കറ്റുമായി വാലറ്റത്ത് ലെയിം പ്ലങ്കറ്റ് നടത്തിയ കൈക്രിയകൂടിയായപ്പോൾ ഇംഗ്ലീഷ് അധിനിവേശം പൂർത്തിയായി.
നേരത്തെ മൂന്ന് അർധ ശതകങ്ങളാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ നൽകിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലീഷുകാരുടെ ഇന്നിംഗ്സിലെ ആണിക്കല്ല് അലക്സ് ഹെയ്ൽസ് (56) ജോ റൂട്ട് (64), ജോസ് ബട്ട്ലർ (61*) എന്നിവരുടെ ബാറ്റിംഗായിരുന്നു. ബട്ട്ലർ പുറത്താകാതെ നിന്നു.
പതറിയാണ് ഇംഗ്ലീഷുകാർ തുടങ്ങിയത്. ഓപ്പണർ ജാസൺ റോയിയെ തുടക്കത്തിലെ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ ഹെയ്ൽസും റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ചനിലയിൽ മുന്നോട്ടു നയിച്ചു. ഇരുവരും പുറത്തായ ശേഷം ബെൻസ്റ്റോക്സും (48) ബട്ട്ലറും ദൗത്യം ഏറ്റെടുത്തു. എന്നാൽ സ്റ്റോക്സ് പുറത്തായ ശേഷം ബട്ട്ലർക്ക് പിന്തുണ നൽകാൻ വാലറ്റത്തിന് കഴിഞ്ഞില്ല. ഇതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ചതിലും 30 റൺസെങ്കിലും കുറച്ചാണ് സ്കോർ ചെയ്യാനായത്.