പഞ്ചനക്ഷത്രമായി ഉയര്‍ത്തുന്ന ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സില്ല

02:04pm 20/4/2016

download

തിരുവനന്തപുരം: മദ്യനയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആയി ഉയര്‍ത്തിയാലും ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. അധിക കൗണ്ടറുകളും അനുവദിക്കില്ല. പുതിയ ഹോട്ടലുകള്‍ക്കുള്ള ഫൈസ് സ്റ്റാര്‍ €ാസിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയാലും കേരള സര്‍ക്കാര്‍ കുറച്ചുകൂടി കര്‍ക്കശമായ നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
മദ്യനയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും അറിയിച്ചു. മദ്യരഹിത കേരളത്തിലേക്കുള്ള പ്രയാണത്തിലാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യു.ഡി.എഫ് നേതാക്കള്‍. യു.ഡി.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പത്തു വര്‍ഷം കൊണ്ട് കേരളം മദ്യവിമുക്തമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭവന രഹിത കേരളം, എല്ലാവര്‍ക്കും വീട്, ഭക്ഷണം, ആരോഗ്യം എന്നാണ് യു.ഡി.എഫ് മുദ്രാവാക്യം. അഞ്ചു വര്‍ഷം കൊണ്ട് 15 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. ജീവന്‍ രക്ഷാ മരുന്ന് കുറഞ്ഞ വിലയ്ക്ക് കൃഷിക്കാര്‍ക്ക് പലിശ രസിത വായ്പ, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം, ജൈവകൃഷി പ്രോത്സാഹനം, ഭക്ഷസ്വയം പര്യാപ്തത എന്നിവ പ്രകടന പത്രികയില്‍ പറയുന്നു.
മദ്യനയത്തില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ല. മദ്യനയം കുറ്റമറ്റ രീതിയിലായിരിക്കണമെന്നു യു.ഡി.എഫിന് നിര്‍ബന്ധമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചത് നയത്തിന്റെ ഭാഗമാണ്. 2014നു ശേഷം അപേക്ഷ നല്‍കിയവയ്ക്കാണ് നല്‍കിയത്. നയത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് നല്‍കിയത്. മദ്യനയം ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നയം കര്‍ക്കശമാക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ ചില തീരുമാനങ്ങളും എടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് പ്രചാരണ കമ്മിറ്റി ചെയര്‍മാനായി പി.പി തങ്കച്ചനെയും കണ്‍വീനറായി പുനലൂര്‍ മധുവിനെയും ചുമതലപ്പെടുത്തി. എല്ലാ പാര്‍ട്ടിയിലെയും ഓരോ അംഗങ്ങള്‍ കമ്മിറ്റിയില്‍ ഉണ്ടായിരിക്കും. യു.ഡി.എഫ് സെക്രട്ടറിയായി ജോണി നെല്ലൂരിനെയും നിയമിച്ചു.