പടയണി അവതരണത്തിന് ഹൈന്ദവസംഘടനകളുടെ വിലക്ക്

05.59 AM 01-09-2016
rav1241
കണ്ണൂര്‍: ജില്ലയിലെ കോളേജുകളില്‍ ഫോക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന പടയണി അവതരണത്തിന് ഹൈന്ദവസംഘടനകളുടെ വിലക്ക്.ആര്‍എസ്എസ് നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് ഇരിട്ടി എം ജി കോളേജ്.കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലെ അവതരണങ്ങള്‍ ഉപേക്ഷിച്ചു.തെയ്യമുള്‍പ്പെടെയുളള അനുഷ്ഠാനകലകള്‍ റിപ്പബ്ലിക് ദിനത്തിലടക്കം അവതരിപ്പിക്കുന്നത് തടയുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് ഇതിനായി ഹൈന്ദവസംഘടനകളുടെ കൂട്ടായ്മ വിളിച്ചുചേര്‍ത്തിരുന്നു.
തളിപ്പറമ്പിലെ സിപിഐഎം ഘോഷയാത്രയിലെ തിടമ്പുനൃത്ത വിവാദത്തിന് ശേഷം ഒരു അനുഷ്ഠാനകലയെയും ക്ഷേത്രങ്ങള്‍ക്ക് പുറത്ത് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ആര്‍എസ്എസ് രംഗത്തുവന്നിരുന്നു. ഹൈന്ദവ ആചാര സംരക്ഷണ സമിതിയുണ്ടാക്കി സിപിഐഎമ്മിന് എതിരെയുള്ള കൂട്ടായ്മകളും സജീവമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കോളേജുകളിലെ ഫോക്‌ലോര്‍ ക്ലബുകള്‍ നടത്താനിരുന്ന പടയണി അവതരണം തടയുമെന്ന് ഭീഷണിയുണ്ടായത്.ഇരിട്ടി എം ജി കോളേജ്,കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളില്‍ പഠനത്തിന്റെ ഭാഗമായി ഫോക്‌ലോര്‍ അക്കാദമിയുടെ സഹായത്തോടെ തിങ്കളാഴ്ച പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ പടയണി നടത്താന്‍ അനുവദിക്കില്ലെന്നും നടത്തിയാല്‍ ബലംപ്രയോഗിച്ച് തടയുമെന്നും ഹൈന്ദവസംഘടനകളുടെ നേതാക്കള്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പരിപാടി റദ്ദാക്കി.
പടയണിക്ക് വിലക്കുണ്ടായെന്ന് സ്ഥിരീകരിച്ച ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ എ കെ നമ്പ്യാര്‍ സംഭവം സര്‍ക്കാരിനെ അറിയിക്കുമെന്ന് വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പിന്റെ ഉത്സവം പരിപാടിയക്കം വരാനിരിക്കുന്ന സാഹചര്യത്തില്‍ വിലക്കുകളും ഭീഷണിയുമുണ്ടാകുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് അക്കാദമിയുടെ വിലയിരുത്തല്‍.
അതേ സമയം ഉപേക്ഷിച്ച പരിപാടി കോളേജിനകത്ത് തന്നെ നടത്തുമെന്ന നിലപാടിലാണ് എസ്എഫ്‌ഐ. അനുഷ്ഠാനകലകള്‍ തെരുവില്‍ അവതരിപ്പിക്കുന്നതിന്റെ പേരില്‍ തുടങ്ങിയ സിപിഐഎംആര്‍എസ്എസ് പോര് ഇതോടെ കൂടുതല്‍ തലങ്ങളിലേക്ക് എത്തുകയാണ്.