പട്ടാളനിയമം ആവശ്യപ്പെട്ട് പാകിസ്താനില്‍ ബാനര്‍

09:48am 13/7/2106
images (3)
ഇസ്ലാമാബാദ്: രാജ്യത്ത് പട്ടാളനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ ഉടനീളം ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. സൈനിക മേധാവി ജനറല്‍ റഹീല്‍ ശെരീഫിനെ അഭിസംബോധന ചെയ്യുന്ന ബാനര്‍ ‘മൂവ് ഓണ്‍ പാകിസ്താന്‍’ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലാണ് പ്രത്യക്ഷപ്പെട്ടത്.
ലാഹോര്‍, കറാച്ചി, പെഷാവര്‍, ക്വറ്റ, റാവല്‍പിണ്ഡി, ഫൈസലാബാദ്, സര്‍ഗോധ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ വിരമിക്കുന്ന ജനറല്‍ റഹീലിനെ സര്‍വിസില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നേരത്തേ കാമ്പയിന്‍ നടന്നിരുന്നുവെന്നും ഇപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചതിനു പിന്നില്‍ വിപത് സൂചനയുണ്ടെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കറാച്ചി മേഖലയില്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ അടക്കം പതിച്ച പോസ്റ്ററുകളില്‍ ‘തുടര്‍ ചര്‍ച്ചകള്‍ അപ്രസക്തമായിരിക്കുന്നു. ദൈവഹിതത്താല്‍ ഇപ്പോള്‍ രാജ്യം ഏറ്റെടുക്കാന്‍ സമയമായിരിക്കുന്നു’ എന്നാണെഴുതിയത്.

പട്ടാളഭരണം നടപ്പാക്കി അതിന്‍െറ തലപ്പത്ത് സൈനികമേധാവിയെ അവരോധിക്കുക, ടെക്നോക്രാറ്റുകളുടെ ഭരണകൂടത്തെ റഹീല്‍തന്നെ നയിക്കുക എന്നിവയാണ് കാമ്പയിനിന്‍െറ പിന്നിലുള്ള ലക്ഷ്യമെന്ന് പാര്‍ട്ടിയുടെ പ്രധാന സംഘാടകന്‍ അലി ഹാഷ്മി പറഞ്ഞു. രാവിലെയോടെതന്നെ പാര്‍ട്ടിയുടെ ബാനര്‍ പലയിടങ്ങളിലും നീക്കംചെയ്തതായും അദ്ദേഹം പറഞ്ഞു. പാക് തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത ‘മൂവ് ഓണ്‍ പാകിസ്താന്‍’ പാര്‍ട്ടി മൂന്നുവര്‍ഷം മുമ്പാണ് രൂപവത്കരിച്ചത്.

ഫൈസലാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി മുഹമ്മദ് കമ്രാന്‍ ആണ് ഇതിന്‍െറ ചെയര്‍മാന്‍. ഫൈസലാബാദ്, സര്‍ഗോധ, ലാഹോര്‍ എന്നിവിടങ്ങളില്‍ നിരവധി സ്കൂളുകളും വ്യവസായ സംരംഭങ്ങളും ഇയാളുടേതായുണ്ട്. വിരമിക്കല്‍ തീരുമാനം മാറ്റിവെച്ച് സൈനികമേധാവി തീവ്രവാദവും അഴിമതിയും അമര്‍ച്ചചെയ്യാന്‍ സഹായിക്കണമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരില്‍ പാര്‍ട്ടി നടത്തിയ കാമ്പയിനില്‍ ഉന്നയിച്ചിരുന്നത്. ഇതിനകംതന്നെ പാകിസ്താന്‍ നാലു സൈനിക ഭരണകൂടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2008ല്‍ രാജ്യം ഭരിച്ച പര്‍വേസ് മുശര്‍റഫ് ആണ് ഒടുവിലത്തെ പട്ടാള ഭരണാധികാരി.