പട്ടി കാറിലിരുന്നു ചൂടേറ്റ് കൊല്ലപ്പെട്ടു­ പത്തൊമ്പതുകാരി അറസ്റ്റില്‍

– പി.പി ചെറിയാന്‍
unnamed
വെര്‍ജിനിയ: ആര്‍ലിംഗ്ടണ്‍ ബിലവഡിലുള്ള പെറ്റ്‌­സ് മാര്‍ട്ടിനു മുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുമ്പോള്‍ കാറിലുണ്ടായിരുന്ന 5 വയസ് പ്രായമുള്ള പട്ടിയുടെ കാര്യം മെഗന്‍ മറന്നിരുന്നു. ജൂലായ് 26 തിങ്കളാഴ്ച ഉച്ചയോടെ കാറിനു സമീപത്തിലൂടെ കടന്നു പോയ ആരോ കാറിലിരിക്കുന്ന പട്ടിയെ കുറിച്ചു പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കാര്‍ തുറന്നു അബോധാവസ്ഥയിലായിരുന്ന പട്ടിയെ പെറ്റ്‌­സ് മാര്‍ട്ടിനുള്ളിലെ വെറ്ററിനേറിയന്‍ ഓഫീസില്‍ എത്തിച്ചുവെങ്കിലും ഇതിനകം കൊല്ലപ്പെട്ടിരുന്നു.

പട്ടിയുടെ മരണം ചൂടേറ്റാണ് എന്ന് സ്ഥിരീകരിച്ചതോടെ കാറിന്റെ ഉടമയെ കണ്ടെത്തി പോലീസ് അനിമല്‍ ക്രൂവെല്‍റ്റി കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.

പുറത്തു ചൂട് അതിശക്തമായിട്ടും പട്ടിയാണെങ്കിലും, അശ്രദ്ധമായി കാറിലിരുത്തി പുറത്തുപോയത് ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്.

മനഃപൂര്‍വ്വമല്ലെങ്കിലും മെഗന്‍ കുര്‍ട്ട്‌­സ് എന്ന പത്തൊമ്പതുകാരി ഇങ്ങനെ ഒരു കേസ്സില്‍ കുടുങ്ങുമെന്ന് മനസ്സില്‍ പോലും ചിന്തിച്ചിരുന്നില്ല.

അമേരിക്കയിലെ പല സംസ്ഥാനങ്ങളും അതിശക്തമായ ചൂടില്‍ കത്തിയെരിയുമ്പോള്‍ കാറില്‍ കുട്ടികളെ അശ്രദ്ധമായി വിടുന്നതുമൂലം നിരവധി മരണങ്ങളാണ് ഈയ്യിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.