പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

12.36 AM 03-09-2016
roy_0209
പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രവേഗത്തില്‍ 25,000 കോടി രൂപ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്നും പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി കറയില്ലാതെ വീണ്ടും വരാനും ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തവിട്ടു. ഇത്രയും വലിയ തുക സ്വര്‍ഗത്തില്‍നിന്നു പൊട്ടിവീഴില്ലെന്നും അതിനാല്‍തന്നെ ഇത്രയും തുക തിടുക്കത്തില്‍ ശേഖരിച്ചത് ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഈ പണത്തിന്റെ ഉറവിടം എന്താണെന്ന് നിങ്ങള്‍ (സഹാറാ ഗ്രൂപ്പ്) ഞങ്ങളോട് പറയൂ. മറ്റു കമ്പനികളില്‍നിന്നു വാങ്ങിയാണോ മറ്റെന്തെങ്കിലും വഴിയിലാണോ ഈ 24,000 കോടി രൂപ ലഭിച്ചത്..? ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചതാണോ..? വസ്തുക്കള്‍ വില്‍പ്പന നടത്തിയോ…? ഈ ഏതെങ്കിലും മാര്‍ഗത്തിലൂടെ ആയിരിക്കും പണം ശേഖരിച്ചത്. പണം സ്വര്‍ഗത്തില്‍നിന്നു പൊട്ടിവീഴില്ല. അതുകൊണ്ട് പണം എവിടെനിന്ന് ലഭിച്ചെന്ന് നിങ്ങള്‍ വ്യക്തമാക്കണം- സുപ്രീം കോടതി നിര്‍ദേശിച്ചു. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയാല്‍ പണ്ഡോറ പെട്ടി തുറക്കേണ്ടിവരില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കേസ് സെപ്റ്റംബര്‍ 16ന് പരിഗണിക്കും. ഈ ദിവസം പണത്തിന്റെ ഉറവിടം സംബന്ധിച്ച് കോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി കമ്പനിയോട് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് സഹാറയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
പലിശയടക്കം 36,000 കോടി രൂപ നിക്ഷേപകര്‍ക്കു തിരികെ നല്‍കാമെന്ന ഉറപ്പിന്‍മേലാണ് സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ബാങ്ക് ഗാരന്റിയായി 5000 കോടി രൂപ കെട്ടിവയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.