11.52 PM 26-04-2016
കൊച്ചി: സര്‍ക്കാരിന്റെ ഇ-ടിക്കറ്റിങ്, സെസ് എന്നിവയ്‌ക്കെതിരെ പ്രദര്‍ശന ശാലകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്ന അനിശ്ചികാല പണിമുടക്കിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും രംഗത്ത്. മെയ് രണ്ടു മുതല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പുതിയ സംവിധാനത്തില്‍ പ്രതിഷേധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായി കഴിഞ്ഞ ഏഴാം തിയതി തിയറ്ററുകള്‍ അടച്ചിട്ട് സൂചനാപണിമുടക്ക് നടത്തിയിരുന്നു. അന്നത്തെ സൂചനാ പണിമുടക്കുകൊണ്ട് കിങ് ലെയര്‍, കലി, ഡാര്‍വിന്റെ പരിണാമം എന്നീ സിനിമകളുടെ കലക്ഷനില്‍ ഭീമമായ നഷ്ടവും സംഭവിച്ചിരുന്നു. കിങ് ലെയര്‍ എന്ന സിനിമയുടെ കലക്ഷനില്‍ ഒറ്റദിവസം കൊണ്ട് 50 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടി. തിയറ്ററുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്താന്‍ ഒരുങ്ങുന്ന എക്‌സിബിറ്റേഴ്‌സിന്റെ തീരുമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും വന്‍തുകയുടെ നഷ്ടമാണ് വരുത്തുക. എക്‌സിബിറ്റേഴ്‌സിന്റെ ഈ നടപടിക്കെതിരെ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന സംയുക്തമായി കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിര്‍മാതാക്കളും വിതരണക്കാരും ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്നതാണ് സര്‍ക്കാരിന്റെ ഇ- ടിക്കറ്റിങ് സംവിധാനം. വരുമാനത്തെ സംബന്ധിച്ച കൃത്യമായ വിവരം ഈ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും. ഓരോ ദിവസവും ഏറെ വൈകി തിയറ്ററില്‍ പോയി വരുമാനം തിട്ടപ്പെടുത്തേണ്ട അവസ്ഥയാണ് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ഇ- ടിക്കറ്റിങ് സംവിധാനം നിലവില്‍ വരണം. നിര്‍മാതാക്കളോടും വിതരണക്കാരോടും സഹകരിക്കാത്ത തിയറ്റര്‍ ഉടമകളോട് കടുത്ത പ്രതിഷേധമാണ് തങ്ങള്‍ക്കുള്ളത്. തിയറ്റര്‍ ഉടമകള്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും വ്യക്തമാക്കി.