പത്താന്‍കോട്ട് ആക്രമണം; എന്‍.ഐ.എ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചേക്കും

08:52am 19/4/2016
download (3)
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിന് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചേക്കും. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. പത്താന്‍കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പാകിസ്താനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്താല്‍ പരിഗണിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പാകിസ്താനിലേക്കുള്ള എന്‍.ഐ.എ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുല്‍ ബാസിത് നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അസീസ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന പ്രക്രിയ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണെന്നാണ് പാക്ക് ഹൈക്കമ്മീഷ്ണര്‍ അബ്ദുല്‍ ബാസിത് മുന്‍പ് പറഞ്ഞത്. എന്നാല്‍ മരവിപ്പിച്ചത് എന്നതിന് റദ്ദാക്കിയത് എന്ന് അര്‍ത്ഥമില്ലെന്നും ഇന്ത്യ പാക് ചര്‍ച്ച ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍താജ് അസീസ് പറഞ്ഞു.