09:25am 7/4/2016
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍.ഐ.എ വിദേശ ഏജന്‍സികളുടെ സഹായം തേടി. യു.എസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അടക്കമുള്ള വിദേശ ഏജന്‍സികളുടെ സഹായമാണ് തേടിയിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി പാകിസ്താന് സന്ദള്ശിക്കുന്നതിനുള്ള അനുമതി തേടിയിരിക്കുകയാണ് എന്‍.ഐ.എ.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജെയ്ഷേ മുഹമ്മദ് ഭീകരര്‍ അവശേഷിപ്പിച്ച സൈബര്‍ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് വിദേശ ഏജന്‍സികളുടെ സഹായം നേടിയിരിക്കുന്നത്. ഭീകരാക്രമണത്തിന് ശേഷം ജയ്ഷേ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന് അബ്ദുള്‍ റഊഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ വീഡിയോ അല്‍ഖലം ഡോട്ട് കോം, രംഗോനൂര് ഡോട്ട് കോം എന്നീ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ ഡൊമൈന്‍ അമേരിക്കയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ ഒരു വെബ്സൈറ്റ് അടച്ചുപൂട്ടിയെങ്കിലും രണ്ടാമത്തെ വെബ്സൈറ്റില്‍ നിന്ന് വീഡിയോ മാത്രമേ നീക്കം ചെയ്തിരുന്നുള്ളു. വെബ്സൈറ്റിന്റെ പണമിടപാടുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് നടത്തിയിട്ടുള്ളത്. ഇതിനെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. ഭീകരര്‍ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും വിദേശ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.