പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍

01.22 AM 01-08-2016
hqdefault
കൊച്ചി: ട്രെയിനില്‍ കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍. ഫോര്‍ട്ടുകൊച്ചി തുണ്ടത്തില്‍ രതീഷ് ദാസി(35) നെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം കഞ്ചാവുമായെത്തിയ രണ്ടു പേര്‍ രക്ഷപ്പെട്ടു. വൈകിട്ട് നാലു മണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പാട്‌ന എക്‌സ്പ്രസിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെ ട്രെയിന്‍ വേഗം കുറച്ചതോടെ രതീഷ് ദാസും കൂട്ടാളികളും ചാടിയിറങ്ങുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ കാത്തുനിന്ന റെയില്‍വേ പോലീസ് രതീഷിനെ പിടികൂടുകയായിരുന്നു. ഇയാള്‍ പിടിയിലായതോടെ മറ്റുള്ളവര്‍ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. അഞ്ചു പൊതികളിലാക്കിയ കഞ്ചാവ് രണ്ടു ബാഗുകളിലാക്കി സേലത്തു നിന്നാണ് ഇയാള്‍ കഞ്ചാവുമായി ട്രെയിനില്‍ കയറിയത്. ഇയാള്‍ സംഘത്തിലെ കാരിയര്‍ മാത്രമാണെന്നും പോലീസ് പറഞ്ഞു. കഞ്ചാവുമായി ഇയാള്‍ എറണാകുളത്ത് എത്തുമ്പോള്‍ കാത്തു നില്‍ക്കുന്നയാള്‍ 2,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. രതീഷ് നേരത്തെയും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായി റെയില്‍വേ പോലീസ് സിഐ. വി.എസ്. ഷാജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. എസ്‌ഐ. രഘു, സിവില്‍ പോലീസുകാരായ സഞ്ജയ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.