പമ്പയുടെ മാതൃപൂജ വന്ദനം വര്‍ണ്ണാഭമായി

07:41am 16/5/2016
Newsimg1_45978024
ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും വിവിധ സംഘടനാ പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പമ്പ തുടര്‍ന്നുപോരുന്ന മാതൃദിനാഘോഷം ഈവര്‍ഷം മെയ് ഏഴിനു ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ സേസ്വാന്‍ ഈസ്റ്റ് ചൈനീസ് റെസ്റ്റോറന്റിലാണ് നടന്നത്.

പമ്പ പ്രസിഡന്റ് സുധാ കര്‍ത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ അമ്മമാരെ അനുമോദിച്ചുകൊണ്ട് പമ്പയുടെ യൂത്ത് പ്രതിനിധി പ്രിന്‍സി പ്രസാദ് മാതൃദിന സന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരൂപവത്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ച കുമാരി പ്രന്‍സി പ്രസാദ് അമ്മമാരെ ഒരു ദിവസം മാത്രം സ്‌നേഹിച്ചാലും ആദരിച്ചാലും പോര ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്‌നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോര്‍ജ് ഓലിക്കല്‍ (ഫൊക്കാന), ഫിലിപ്പോസ് ചെറിയാന്‍ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം), തമ്പി ചാക്കോ (ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി), ശോശാമ്മ ചെറിയാന്‍ (ഫൊക്കാന വിമന്‍സ് ഫോറം), തോമസ് പോള്‍ (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), സുരേഷ് നായര്‍ (എന്‍.എസ്.എസ് ഓഫ് പി.എ), ബാബു വര്‍ഗീസ് (പമ്പ ട്രസ്റ്റി ബോര്‍ഡ്), പ്രസന്ന കര്‍ത്താ എന്നിവര്‍ അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പമ്പ ജനറല്‍ സെക്രട്ടറി പ്രസാദ് ബേബി പൊതുയോഗം നിയന്ത്രിച്ചു. അലക്‌സ് തോമസ് നന്ദി പ്രകാശിപ്പിച്ചു. അമ്മമാരെ അനുമോദിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും പൂക്കളും സമ്മാനങ്ങളും നല്‍കിയതോടൊപ്പം സുമോദ് നെല്ലിക്കാല, പ്രസാദ് ബേബി, അനൂപ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ഗാനാലാപനവും ആഘോഷങ്ങളെ മികവുറ്റതാക്കി.