പയ്യന്നൂരിലെ കൊലപാതകം: അറസ്റ്റ് ഇന്നുണ്ടായേക്കും

09:27 AM 17/07/2016
images
പയ്യന്നൂര്‍: കുന്നരു കാരന്താട്ടും അന്നൂരിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട ഏതാനും പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബി.ജെ.പി പ്രവര്‍ത്തകരും അന്നൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലുള്ളതായി അറിയുന്നു.
എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

പയ്യന്നൂരിന് പുറത്തെ ചില സ്റ്റേഷനുകളില്‍ ഇവരെ ചോദ്യംചെയ്തുവരുകയാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് സൂചന. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ധനരാജ് വധക്കേസിലെ മുഴുവന്‍ പ്രതികളും വലയിലായതായി അറിയുന്നു. ഈ കേസില്‍ പയ്യന്നൂരിനു പുറത്തുള്ളവര്‍കൂടി ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പി പി.വി. മധുസൂദനന്‍െറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.