പയ്യന്നൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

08:36 am 17/9/2016
images (3)

കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് അഞ്ച് മരണം. രാമന്തളി വടക്കുമ്പാട്ട് സ്വദേശികളായ ലളിത, ഗണേശന്‍, മൂന്നു വയസ്സുകാരി ആരാധ്യ, കുന്നരു സ്വദേശി ദേവകി, ഗണേഷന്‍റെ മകളായ ലിഷ്ണ എന്നിവരാണ് മരിച്ചത്. മരിച്ച ആരാധ്യയുടെ മാതാപിതാക്കളടക്കം മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വൈകീട്ട് അഞ്ചരയ്ക്കാണ് കുന്നെരു കാരന്താട് അങ്ങാടിയില്‍ അപകടമുണ്ടായത്. പയ്യന്നൂര്‍ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഏഴ് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് ആദ്യമിടിച്ചത്. തുടര്‍ന്ന് മീന്‍ വില്‍ക്കുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയിലും ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രാമന്തളി തുരുത്തുമ്മല്‍ കോളനിയിലെ ഗണേശനും ഭാര്യ ലളിതയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ചുടാട്ട് ബീച്ചിലേക്ക് പോവുകയായിരുന്നു ഇവര്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഇവരുടെ ബന്ധുവായ മൂന്ന് വയസ്സുകാരി ആരാധ്യ മരിച്ചത്. ഗണേഷന്‍റെ മകളായ ലിഷ്ണ, മീന്‍ വാങ്ങാനെത്തിയ കുന്നരു സ്വദേശി ദേവകിയെും ടിപ്പര്‍ ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു കുട്ടിയും മരിച്ച ആരാധ്യയുടെ മാതാപിതാക്കളുമടക്കം ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷകള്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഓടിരക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.