09:48am 22/6/2016
ഷിക്കാഗോ: ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാം കാതോലിക്കയും മാര്‍ത്തോമാ ശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ 91-മത്തെ പിതാവും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാര്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു. തിരുമേനിയുടെ അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഷിക്കാഗോ മേഖലയിലേക്കുള്ള പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി എത്തുന്ന വേളയിലാണ് സന്ദര്‍ശനം നടത്തുന്നത്.
ജൂണ്‍ 29-നു ബുധനാഴ്ച വൈകിട്ട് 3.30-നു ഷിക്കാഗോ ഒഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പരിശുദ്ധ ബാവയേയും സംഘത്തേയും ഇല്ലിനോയി സംസ്ഥാനത്തിന്റേയും, ഷിക്കാഗോ സിറ്റിയുടേയും പൂര്‍ണ്ണ ബഹുമതികളോടുകൂടി ഷിക്കാഗോ മേഖലയിലെ വൈദീകരും, വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും.
ജൂലൈ 3-നു ഞായറാഴ്ച വൈകിട്ട് 5.30-നു ബെല്‍വുഡ് സെന്റ് ചാള്‍സ് റോഡില്‍ നിന്നും ചെണ്ട-വാദ്യമേളങ്ങളോടെയും, കത്തിച്ച മെഴുകുതിരി, മുത്തുക്കുടകളും, കൊടികളും, സ്വാഗത ഗാനവുമായി കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിശുദ്ധ പിതാവിനേയും വിശിഷ്ടാതിഥികളേയും സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്നു നടക്കുന്ന സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും, വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കും പരിശുദ്ധ പിതാവ് നേതൃത്വം നല്‍കും. 7.30-നു നടക്കുന്ന സ്വീകരണ യോഗത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സമുദായ ട്രസ്റ്റി എം.ജി ജോര്‍ജ് മുത്തൂറ്റ്, സമുദായ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, മാനേജിംഗ് കമ്മിറ്റിയംഗം ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ തുടങ്ങിയ സഭാ നേതാക്കള്‍ സംബന്ധിക്കും. പരിശുദ്ധ പിതാവിന്റെ മറുപടി പ്രസംഗവും, അപ്പോസ്‌തോലിക വാഴ്‌വും ഉണ്ടായിരിക്കും.
അമേരിക്കന്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥംകൊണ്ട് അനേകര്‍ക്ക് അഭയവും, ആശ്വാസവുമായിരിക്കുന്ന ഈ ദേവാലയത്തിലേക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനത്തിന് അവിടെയുള്ള സഭാ വിശ്വാസികള്‍ വളരെ പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും കൂടി കാത്തിരിക്കുന്നു. ചടങ്ങിലേക്ക് വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും.
ക്രമീകരണങ്ങള്‍ക്കായി ട്രസ്റ്റി ജോണ്‍ പി. ജോണ്‍, സെക്രട്ടറി റീനാ വര്‍ക്കി, ഫിലിപ്പ് ജോസഫ്, ഏരന്‍ പ്രകാശ്, ഷിബു മാത്യു (ജനറല്‍ സെക്രട്ടറി), റേച്ചല്‍ ജോസഫ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ (കത്തീഡ്രല്‍ ന്യൂസ്) അറിയിച്ചതാണിത്.