പളളി ലോബിയില്‍ നിന്നും അപ്രത്യക്ഷയായ 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

09:35 am 8/11/2016

– പി. പി. ചെറിയാന്‍
Newsimg1_59443493
ബുളളാഡ്(ടെക്‌സസ്): നവംബര് ഒന്നിന് ബുളവാഡിലുളള ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ നിന്ന് അപ്രത്യക്ഷയായ 10 വയസുളള പെണ്‍കുട്ടിയുടെ മൃതദേഹം നവംബര്‍ 5 നു വൈകിട്ട് ഡാലസില്‍ നിന്നും നൂറുമൈല്‍ അകലെയുളള ഒരു വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തതായി ചെറോക്കി കൗണ്ടി ഷെറിഫ് ജെയിംസ് കാമ്പല്‍ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന കഴിഞ്ഞു മാതാപിതാക്കളെ കാത്ത് ചര്‍ച്ച് ലോബിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണു കാണാതായത്.

നവംബര്‍ 5 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ലഭിച്ച സൂചനയാണ് മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്. നൂറുകണക്കിന് വൊളണ്ടിയര്‍മാരാണ് അഞ്ചു ദിവസമായി നടന്ന തിരച്ചിലില്‍ പങ്കെടുത്തത്. ആംബര്‍ അലര്‍ട്ടും 60,000 ഡോളര്‍ പ്രതിഫലവും സൂചന നല്‍കുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്നു.

സ്മിത്ത് കൗണ്ടി ഷെറിഫ് നടത്തിയ പത്രസമ്മേളനത്തില്‍ പളളിയില്‍ നിന്നും അപ്രത്യക്ഷമായ 10 വയസുകാരിയുടെ മൃതദേഹം ബുളളാഡിനു സമീപം ഒരു വീടിനടുത്തുളള കിണറ്റില്‍ നിന്നും കണ്ടെടുത്തതായും ആ വീട്ടിലെ ഏക താമസക്കാരനായ ഗസ്റ്റാവൊ സവാല ഗാര്‍സിയ എന്ന യുവാവിനെ ഇതു സംബന്ധിച്ചു പിടികൂടി ജാമ്യം നല്‍കാതെ ജയിലിലടച്ചതായും അറിയിച്ചു.

ഈ സംഭവത്തിനുശേഷം ഡാലസിലുളള വിവിധ പളളികളില്‍ ആരാധനയ്ക്കു വരുന്ന കുട്ടികളെ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരാധന നടക്കുന്ന സമയം മാതാപിതാക്കളോടൊപ്പം കുട്ടികളെ ഇരുത്തണമെന്നും കുട്ടികളെ പുറത്തേക്ക് വീടുന്നത് അപകടകരമാണെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.