പഴയ കേസുകളുടെ തീര്‍പ്പ് വലിയ വെല്ലുവിളി –ചീഫ് ജസ്റ്റിസ്

09:47 AM 18/09/2016
images (3)
അഹ്മദാബാദ്: കോടതികളില്‍ കെട്ടിക്കിടക്കുന്ന പഴയ കേസുകളുടെ തീര്‍പ്പ് നീതിന്യായ സംവിധാനത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍. അതേസമയം, ചെറിയ കേസുകളുടെ തീര്‍പ്പ് വീട്ടിലെ അടിച്ചുതെളിപോലെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ജുഡീഷ്യല്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്തായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതേപ്പറ്റി പൂര്‍ണ ബോധവാന്മാരാവുകയും അതനുസരിച്ച് നീതിന്യായ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ വെല്ലുവിളി നേരിടാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതല്‍ ജഡ്ജിമാരെ നിയമിച്ചാലേ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയൂവെന്ന് കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തില്‍ ചീഫ് ജസ്റ്റിസ് വികാരഭരിതനായി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ സന്ദര്‍ശിച്ചു. ജുഡീഷ്യല്‍ നിയമനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാറും നീതിന്യായവകുപ്പും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. സംസ്ഥാന നീതിന്യായ അക്കാദമിയിലത്തെിയ ഠാകുര്‍ രാജ്ഭവനിലത്തെി മോദിയെ കാണുകയായിരുന്നു.
അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഠാകുര്‍ മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഠാകുറിന് മോദി ട്വിറ്ററില്‍ നന്ദി അറിയിച്ചു.