പശുരക്ഷയുടെ പേരില്‍ നടക്കുന്ന ദളിത് പീഡനങ്ങളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി

11.05 PM 08-06-2016
modi-belgaum-pti-759
രാജ്യത്ത് പശുരക്ഷയുടെ പേരില്‍ നടക്കുന്ന ദളിത് പീഡനങ്ങളെ തള്ളിപ്പറഞ്ഞ് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പശുരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. പശുരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ കടുത്ത അമര്‍ഷമുണ്ട്. അക്രമികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നിയമ നടപടിയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. ടൗണ്‍ ഹാള്‍ സംവാദത്തിനിടെയാണ് മോദി പശുസംരക്ഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്.
നിയമം ലംഘിച്ചു രാത്രികളില്‍ അക്രമത്തിനിറങ്ങുന്നവരാണ് പകല്‍ പശു സംരക്ഷകരുടെ വേഷമണിഞ്ഞെത്തുന്നത്. പശുസംരക്ഷകരുടെ വേഷത്തില്‍ പകല്‍ ഇറങ്ങുന്നവരില്‍ 80 ശതമാനം പേരും രാത്രികളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. ഇത്തരം സംരക്ഷണ സമിതികള്‍ നടത്തുക എന്നതിനര്‍ഥം മറ്റുള്ളവരെ ഉപദ്രവിക്കുക എന്നല്ലെന്നും മോദി ചൂണ്ടിക്കാട്ടി.
പശുക്കളെ സംരക്ഷിക്കണമെന്ന് യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ അവ പ്ലാസ്റ്റിക് തിന്നുന്നതു തടയുകയാണു വേണ്ടത്. രാജ്യത്തു കശാപ്പു ചെയ്യപ്പെടുന്ന കന്നുകാലികളെക്കാള്‍ അധികമാണ് പ്ലാസ്റ്റിക് തിന്നു ചാകുന്ന കന്നുകാലികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് താന്‍ പങ്കെടുത്ത കന്നുകാലികള്‍ക്കുള്ള ഒരു ആരോഗ്യ ക്യാമ്പില്‍ ഒരു പശുവിന്റെ ആമാശയത്തില്‍നിന്നും രണ്ടു ബക്കറ്റ് നിറയെ പ്ലാസ്റ്റിക് നീക്കം ചെയ്ത കാര്യവും പ്രധാനമന്ത്രി ഓര്‍മിച്ചു.