പാകിസ്താനിൽ സഹോദരിമാരെ വിവാഹത്തലേന്ന് സഹോദരൻ കൊലപ്പെടുത്തി

11:11am 31/07/2016
download (6)
ലാഹോർ: പാകിസ്താനിൽ വീണ്ടും ദുരഭിമാനക്കൊല. പഞ്ചാബ് പ്രവിശ്യയിലാണ് രണ്ട് സഹോദരിമാരെ സഹോദരൻ വിവാഹത്തലേന്ന് വെടിവെച്ച് കൊന്നത്. കോസർ ബീബി(22), ഗുൽസാർ ബീബി(28) എന്നീ സഹോദരിമാരെ, ജീവിത പങ്കാളികളെ അവർ സ്വയം കണ്ടെത്തി എന്ന കാരണത്താൽ സഹോദരൻ നാസിർ ഹുസൈൻ(35) കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും പൊലീസ് പറഞ്ഞു.

തങ്ങളെയും കുടുംബത്തെയും മുഴുവൻ നാസിർ ഹുസൈൻ നശിപ്പിച്ചുവെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു.

ഈയിടെ പ്രശസ്ത മോഡൽ ക്വിൻഡൽ ബലോചിനെ സഹോദരൻ ഇത്തരത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. വർഷത്തിൽ ഏകദേശം 1,000ത്തോളം ദുരഭിമാനക്കൊലകൾ നടക്കുന്ന രാജ്യത്ത് ഇത് തടയാനായി പാർലമെന്‍റിൽ ബിൽ കൊണ്ടുവരാൻ ആലോചിക്കുന്നതായി പാകിസ്താൻ നിയമമന്ത്രി അറിയിച്ചു.

ബന്ധുക്കൾ നൽകിയ മാപ്പിന്‍റെ അടിസ്ഥാനത്തിൽ ദുരഭിമാനക്കൊലകൾ നടത്തിയ പ്രതികൾ മിക്കവാറും കുറ്റവിമുക്തരാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് സംബന്ധിച്ച് നിയമനിർമാണത്തിന് ആലോചിക്കുന്നത്.