പാകിസ്താന് 2000 കോടിയുടെ സൈനിക സഹായം യു.എസ് തടഞ്ഞു

09:30am 05/08/2016
download (1)
വാഷിങ്ടണ്‍: സൈനിക ചെലവിലേക്കായി പാകിസ്താന് വാഗ്ദാനം ചെയ്തിരുന്ന 2000 കോടി രൂപയുടെ സൈനികസഹായം യു.എസ് തടഞ്ഞു. ഭീകരരെ അമര്‍ച്ച ചെയ്യുന്നതിന് മതിയായ നടപടി സ്വീകരിച്ചില്ളെന്ന കാരണം ചൂണ്ടിക്കാട്ടി സഹായം നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു.

തുടര്‍ന്ന് പണം വിട്ടുനല്‍കേണ്ടെന്ന് പെന്‍റഗണ്‍ തീരുമാനിച്ചു. മൗലവി ജലാലുദ്ദീന്‍ ഹഖാനി നേതൃത്വം നല്‍കുന്ന സംഘത്തെ അമര്‍ച്ച ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പ്രതിരോധവകുപ്പിന്‍െറ കണ്ടത്തെല്‍.

അഫ്ഗാനിസ്താനിലെ യു.എസ് സൈനിക നടപടികള്‍ക്ക് സഹായമായി പാകിസ്താന്‍ സൈന്യം വഹിക്കുന്ന ചെലവുകളുടെ തിരിച്ചടവായി 700 ദശലക്ഷം യു.എസ് ഡോളര്‍ നേരത്തേ പാകിസ്താന് നല്‍കിയിരുന്നു. കൂടുതല്‍ തുക അനുവദിക്കേണ്ടതില്ളെന്നാണ് പ്രതിരോധവകുപ്പിന്‍െറ തീരുമാനം.

വടക്ക് വസീറിസ്താനിലും മറ്റ് ഗോത്രമേഖലകളിലും പാക് സൈന്യം നടത്തുന്ന നടപടികള്‍ തൃപ്തികരമാണെങ്കിലും പാകിസ്താന്‍െറ ഇതരഭാഗങ്ങളില്‍ അഫ്ഗാന്‍ താലിബാനും ഹഖാനി സംഘവും ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്ന് പെന്‍റഗണ്‍ വക്താവ് ആദം സ്റ്റംപ് പറഞ്ഞു.

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരില്‍ നടത്തിയ നിരവധി ആക്രമണങ്ങളിലും കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനുനേര്‍ക്കുണ്ടായ ആക്രമണത്തിലും ബന്ധമുണ്ടെന്ന ആരോപണം നേരിടുന്നവരാണ് ഹഖാനി സംഘം. പെന്‍റഗണ്‍ നടപടി യു.എസ്-പാകിസ്താന്‍ ബന്ധത്തിന് തിരിച്ചടിയാകുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രം അഭിപ്രായപ്പെട്ടു.