പാകിസ്താൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹക്കേസ്

12:30 pm 23/08/2016
download (8)
ബംഗളുരു: പാകിസ്താൻ നരകമല്ലെന്നും പാകിസ്താനികൾ നമ്മെപ്പോലുള്ളവരാണെന്നും പറഞ്ഞ കന്നഡ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്.

പ്രതിരോധ മന്ത്രി മനോഹർ പരീക്കർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ‘പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണ്’ എന്ന് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാർക് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാകിസ്താനിലെ ജനങ്ങൾ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. ‘പാകിസ്താൻ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.’ -രമ്യ പറഞ്ഞു.

എന്നാൽ, ഈ പ്രസ്താവന ദേശവിരുദ്ധമാണെന്ന് കാണിച്ച് അഭിഭാഷകനായ വിത്തൽ ഗൗഡ മടിക്കേരി കോടതിയിൽ രമ്യക്കെതിരെ ഹരജി നൽകുകയായിരുന്നു. ബംഗളുരുവിൽ നിന്ന് 270 കിലോമീറ്റർ അകലെ ഉത്തര കർണാടകയിലാണ് മടിക്കേരി. പാകിസ്താനെ പ്രകീർത്തിക്കുന്ന രമ്യയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്ന് ഗൗഡ പറഞ്ഞു. കേസ് ശനിയാഴ്ച കോടതി പരിഗണിക്കും.

രമ്യയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ദിനേശ് ഗുണ്ട് റാവു രംഗത്തെത്തി. രമ്യ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്നും പാക് സന്ദർശനത്തിന്‍റെ അനുഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നും ദിനേശ് റാവു പറഞ്ഞു.