പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന് സെഞ്ചുറി

01.08 AM 15-07-2016
misbah_140716
പ്രായമേറുന്തോറും വീര്യമേറുകയാണ് പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന്. 42 വയസ് പൂര്‍ത്തിയായശേഷം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമെന്ന ബഹുമതി മിസ്ബാ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റിലാണു മിസ്ബാ മിന്നും സെഞ്ചുറി നേടിയത്. 40 വയസിനു ശേഷം രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏക താരമാണു മിസ്ബാ ഉള്‍ ഹക്ക്. സെഞ്ചുറി നേടുമ്പോള്‍ 42 വയസും 47 ദിവസവുമാണു മിസ്ബായുടെ പ്രായം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 41 വയസും 147 ദിവസവും പ്രായമുള്ളപ്പോള്‍ മിസ്ബാ സെഞ്ചുറി നേടിയിരുന്നു. 46 വയസും 82 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ചുറി നേടിയ ഇതിഹാസതാരം ജാക്ക് ഹോബ്‌സാണ് പ്രായമേറിയ സെഞ്ചുറിക്കാരന്‍.
1974 മേയ് 28നു ജനിച്ച മിസ്ബാ 2001ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ടീമില്‍ സ്ഥിരമാകുന്നത് 2007 മുതലാണ്. 62 ടെസ്റ്റ് കളിച്ച മിസ്ബാ പാക്കിസ്ഥാനില്‍ വെറും അഞ്ച് ടെസ്റ്റുകള്‍ മാത്രമാണു കളിച്ചത്. പത്ത് സെഞ്ചുറികള്‍ ഉള്‍പ്പെടെ 4452 റണ്‍സാണു മിസ്ബായുടെ പേരില്‍ കുറിക്കപ്പെട്ടത്.