പാക് നയതന്ത്രത്തില്‍ സുഷമ പുറത്ത്

09:15 am 21/9/2016

images (8)
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായി നടക്കുന്ന നയതന്ത്ര പോരാട്ടങ്ങളില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ അസാന്നിധ്യം ശ്രദ്ധേയമാവുന്നു. ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനോട് എങ്ങനെ പ്രതികരിക്കണമെന്ന് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക യോഗത്തിലേക്ക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചില്ല. ഇന്ത്യ-പാക് സംഘര്‍ഷം ഇത്രത്തോളം വളര്‍ന്നിട്ടും വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയോ, ട്വിറ്റര്‍ കുറിപ്പോ ഉണ്ടായിട്ടില്ല.

വിദേശകാര്യ മന്ത്രാലയത്തില്‍ സുഷമ സ്വരാജ് ഒതുക്കപ്പെടുന്ന പ്രശ്നം നേരത്തെ തന്നെയുണ്ട്. എന്നാല്‍, യുദ്ധജ്വരത്തിന്‍െറ അകമ്പടിയോടെ നടന്ന സുപ്രധാനമായൊരു യോഗത്തിലാണ് വിദേശകാര്യ മന്ത്രി ക്ഷണിക്കപ്പെടാതെ പോയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടന്നപ്പോള്‍ തന്‍െറ മന്ത്രാലയത്തില്‍ സുഷമ സ്വരാജ് ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യ, പാക് നയതന്ത്രവും കശ്മീര്‍ വിഷയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍െറയും നേതൃത്വത്തിലാണ് കൈകാര്യം ചെയ്തുവരുന്നത്. ഇതിനിടയില്‍ കേന്ദ്രത്തിന്‍െറ നയതന്ത്ര വൈകല്യങ്ങള്‍ പലവിധത്തില്‍ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് ഇന്ത്യക്കെതിരെ കശ്മീര്‍ വിഷയം ശക്തമായി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിരോധിക്കാനും പാകിസ്താനെ ആക്രമിക്കാനും പ്രധാനമന്ത്രിതന്നെ ഉണ്ടാകേണ്ടതിന്‍െറ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിന് മോദി പോവുന്നില്ല. അടിക്കടി വിദേശ സന്ദര്‍ശനം പതിവാണെങ്കിലും, ചേരിചേരാ ഉച്ചകോടിയില്‍നിന്ന് മോദി വിട്ടുനിന്നിരുന്നു. ഉറി സംഭവത്തിനുമുമ്പേ തീരുമാനിക്കപ്പെട്ട പ്രകാരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് 26ന് യു.എന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. മോദി പോകാത്തതിനു പകരക്കാരി എന്ന നിലയില്‍ മാത്രമാണ് സുഷമക്ക് അവസരം കിട്ടിയത്.