പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്

02.04 PM 13-04-2016
aishwarya-rai-amitabh-bachchan-759
പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വീശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. വ്യക്തി വിവരങ്ങളും കമ്പനി വിവരങ്ങളും ആരായുന്ന രണ്ട് ചോദ്യാവലികളാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചിരിക്കുന്നത്. പാനമ രേഖകളുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.
പാനമായിലെ മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനത്തിന്റെ രേഖകളില്‍ ബ്രിട്ടീഷ് വി!ര്‍ജിന്‍ ദ്വീപുകള്‍ ആസ്ഥാനമായി കമ്പനികള്‍ രൂപീകരിച്ച ഇരുന്നൂറിലധികം ഇന്ത്യക്കാരുടെ പേരുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കരീന കപൂര്‍ തുടങ്ങി പാനമ രേഖകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേക സംഘം നോട്ടീസ് അയച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രണ്ട് ചോദ്യാവലിയുള്‍പ്പെടുന്ന നോട്ടീസില്‍ ആദ്യത്തേത് വ്യക്തിവിവരങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ്. ഇതിന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണം. വിദേശത്ത് രൂപീകരിച്ച കമ്പനികളുടെ വിവരങ്ങള്‍, ഇവ രൂപീകരിക്കുന്നതിനുള്ള മൂലധനത്തിന്റെ സ്രോതസ്, കമ്പനി രൂപീകരണത്തിനുള്ള അനുമതി ഉള്‍പ്പെടയുള്ള വിവരങ്ങളാണ് രണ്ടാമത്തെ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഇരുപത് ദിവസത്തിനകം മറുപടി നല്‍കണം. പാനമ രേഖകളുടെ പ്രാഥമിക വിശകലനം അന്വേഷണസംഘം പൂര്‍!ത്തിയാക്കിയതായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങള്‍ അനുസരിച്ച് വിദേശകമ്പനികളില്‍ നിക്ഷേപം നടത്തിയവരും പാനമ രേഖകളില്‍ പേരുള്ളവരില്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ ജോര്‍ജ്ജ് മാത്യു, ഭാസ്‌കരന്‍ രവീന്ദ്രന്‍, റാന്നി സ്വദേശി ദിനേഷ് പരമേശ്വരന്‍ എന്നിവരുടെ പേരുകളും പാനമ രേഖകളിലൂടെ പുറത്തുവന്നിരുന്നു.