09:56 AM 30/05/2016
തൃശൂര്‍: വിടുതലും തടസ്സവാദങ്ങളും തള്ളിയ ശേഷമുള്ള പാമൊലിന്‍ കേസിലെ വിചാരണ നടപടികള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തിങ്കളാഴ്ച തുടങ്ങും. വിചാരണയുടെ ഭാഗമായ പ്രാരംഭവാദ നടപടികളാണ് തുടങ്ങുക. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവരുടെ ഹരജി ഈ മാസം 11ന് തള്ളിയ സുപ്രീം കോടതി കേസ് അനന്തമായി നീട്ടുകയാണെന്ന വി.എസ്. അച്യുതാനന്ദന്‍െറ ഹരജി അംഗീകരിച്ച് വിചാരണ തുടരാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. കോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനാല്‍ കേസില്‍ ഇനി കാലതാമസമുണ്ടാവാനിടയില്ല.
കഴിഞ്ഞ മാര്‍ച്ച് 29ന് കുറ്റപത്രം സംബന്ധിച്ച് പ്രാഥമികവാദം നടക്കവേ അസ്വാഭാവികമായി ഒന്നുമില്ളെന്നും തെളിവില്ളെന്നുമുള്ള പ്രതികളുടെ വാദം കോടതി അതിരൂക്ഷ വിമര്‍ശത്തോടെ തള്ളുകയാണുണ്ടായത്. കേസ് പരിഗണിക്കുമ്പോള്‍ ഹാജരാവാത്ത മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയെ വിമര്‍ശിച്ച കോടതി അപ്പോള്‍ ഹാജരുണ്ടായിരുന്ന പ്രതി ജിജി തോംസണെ ആശ്വസിപ്പിക്കുകയും ചെയ്താണ് നിരീക്ഷണം നടത്തിയത്. ജനുവരിയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരായ പത്മകുമാര്‍, സക്കറിയ മാത്യു എന്നിവരെ കുറ്റമുക്തരാക്കിയ ഹരജി അനുവദിക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി നിരീക്ഷണം നടത്തിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് അന്തിമമായി കണക്കാക്കേണ്ടതില്ളെന്ന മുംബൈ, കര്‍ണാടക ഹൈകോടതികളുടെ വിധികള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത് പരിഗണിച്ച കോടതി സി.എ.ജി റിപ്പോര്‍ട്ട് വേദവാക്യമായി എടുക്കേണ്ടെന്നും എന്നാല്‍ തെളിവില്ളെങ്കില്‍ കേസ് നിലനില്‍ക്കുന്നതും വിടുതല്‍ അനുവദിക്കാത്തതും എന്തുകൊണ്ടാണെന്നും ചോദിച്ചായിരുന്നു വിജിലന്‍സ് ജഡ്ജ് എസ്.എസ്. വാസന്‍െറ വിമര്‍ശം.
പുതിയ ജഡ്ജി സി. ജയചന്ദ്രനാണ് ഇനി കേസ് പരിഗണിക്കുന്നത്. ഭരണതലത്തില്‍ നടന്ന ഇടപാടായതിനാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി ഒഴിയാനാവില്ളെന്ന മുന്‍ ജഡ്ജിന്‍െറ നിരീക്ഷണം നിലനില്‍ക്കെ, കേസിന്‍െറ ഭാവി അന്നത്തെ മന്ത്രിസഭയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേസിലെ 23ാം സാക്ഷിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്നത്തെ ചീഫ് സെക്രട്ടറി ഫയല്‍ ധനമന്ത്രി കാണണമെന്ന് കുറിപ്പെഴുതുകയും ഫയലില്‍ ധനമന്ത്രി ഒപ്പുവെക്കുകയും ചെയ്തതിനാല്‍ ഉദ്യോഗസ്ഥരില്‍ കുറ്റം ചുമത്താനാവില്ളെന്നാണ് നേരത്തെ വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നത്. അഴിമതി നിരോധനിയമപ്രകാരം കുറ്റവിചാരണ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി ലഭിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി.ജെ. തോമസിന്‍െറയും ജിജി തോംസണിന്‍െറയും ഹരജി. ഇതാണ് സുപ്രീംകോടതി തള്ളിയത്.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, 1991-92 കാലഘട്ടത്തിലാണ് കേസിനാസ്പദമായ പാമൊലിന്‍ ഇടപാട് നടന്നത്. മലേഷ്യയില്‍നിന്ന് 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാറിന് 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.