പാരിസ് ഭീകരാക്രമണം: മുഖ്യ പ്രതി മുഹമ്മദ് അബ്രിനി പിടിയില്‍

09:35am 09/04/2016
abrini1
ബ്രസല്‍സ്: 2015നവംബര്‍ 13ല്‍ പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യ അസൂത്രകനെന്ന് കരുതുന്ന ഐ.എസ് തീവ്രവാദി മുഹമ്മദ് അബ്രിനി അടക്കം അഞ്ചു പേര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. ബ്രസല്‍സില്‍ നിന്നാണ് ഇയാളെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 22ന് ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അബ്രിനിയാണെന്ന് സൂചനയുണ്ട്.

അബ്രിനിയോടൊപ്പം പിടിയിലായ ഉസാമ കെ. എന്നയാള്‍ക്കും ബ്രസല്‍സ് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ചാവേറുകള്‍ക്കൊപ്പം ബ്രസല്‍സില്‍ എത്തിയതാകാമെന്നാണ് റിപ്പോര്‍ട്ട്.

ചാവേറാക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളത്തിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ തൊപ്പി ധരിച്ച ഒരാളെ കണ്ടെത്തിയിരുന്നു. ഇയാള്‍ ബ്രസല്‍സ് സ്വദേശിയായ അബ്രിനിയാണെന്നാണ് ബെല്‍ജിയം അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിശദപരിശോധന നടത്തണമെന്ന് ബെല്‍ജിയം അധികൃതര്‍ അറിയിച്ചു.

പാരിസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേരും ബ്രസല്‍സിലുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 32 പേരുമാണ് കൊല്ലപ്പെട്ടത്.