പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വേണ്ടി പുതിയ സ്മാര്‍ട്ട് ആപ്പ്

09:25pm 18/4/2016

uae-69335

ദുബൈ: പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ വളരെ വേഗം നടപടിയെടുക്കാന്‍ സഹായിക്കുന്നതാണ് ആപ്പെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി.ഇ.ഒ മാഇത ബിന്‍ ഉദായ് അറിയിച്ചു.
പാര്‍ക്കിങ് പെര്‍മിറ്റുകള്‍ അനുവദിക്കാനും പുതുക്കാനുമുള്ള അപേക്ഷകളില്‍ വളരെ വേഗം നടപടി സ്വീകരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സാധിക്കും. അനധികൃതമായി നിര്‍ത്തിയിട്ട വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഓഫിസിലേക്കയക്കാം.
ഇത്തരം വാഹനങ്ങള്‍ക്ക് പിന്നീട് പിഴ ചുമത്തും. ജി.പി.എസ് സൗകര്യമുള്ളതിനാല്‍ നിയമലംഘനം നടന്ന സ്ഥലം സ്വയമേവ ആപ്‌ളിക്കേഷന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. നടപ്പാതയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കാം.
സ്വകാര്യ വ്യക്തികളുടെ ഭൂമി പാര്‍ക്കിങ് സ്ഥലമാക്കി മാറ്റല്‍, സ്വദേശികള്‍ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കല്‍ എന്നിവക്കും ആപ്‌ളിക്കേഷനില്‍ സൗകര്യമുണ്ട്. ഇന്‍സ്‌പെക്ടര്‍മാരുടെ ജോലി എളുപ്പമാക്കി പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ് പുതിയ ആപ്‌ളിക്കേഷന്‍ പുറത്തിറക്കിയതെന്ന് മാഇത ബിന്‍ ഉദായ് കൂട്ടിച്ചേര്‍ത്തു.