പാളം തെറ്റൽ: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

04:23 PM 29/08/2016
images (1)
കൊച്ചി: തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് കറുകുറ്റിയിൽ പാളം തെറ്റിയതിന് കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പെർമനന്‍റ് വേ ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് റെയിൽവെ ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇതു സംബന്ധിച്ച് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം നാളെ കൊച്ചിയില്‍ നടക്കും.

റെയില്‍വെയുടെ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുന്നതിന് പകരം സ്ക്രൂ ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തത്. തീവണ്ടി കടന്നുപോയപ്പോള്‍ വിള്ളല്‍ വലുതാകുകയും പാളം പൊട്ടിമാറുകയും ചെയ്തു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാളങ്ങളുടെ അറ്റകുറ്റപ്പണികളുടെ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ റെയിൽവെ സസ്പെൻഡ് ചെയ്തത്.

ഇന്നലെ പുലർച്ചെ 2.16നാണ് തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് കറുകുറ്റി സ്റ്റേഷനിൽ പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്‍റെ 12 കോച്ചുകൾ പാളം തെറ്റി. 1,500ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നെങ്കിലും ആളപായമില്ല.