പാർലമെന്‍റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്

01:39 PM 25/07/2016
download (1)
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ സുരക്ഷാ സന്നാഹങ്ങളുടെ വീഡിയോ ഫെയ്സ്ബുക്കിലിട്ട സംഭവത്തില്‍ പഞ്ചാബിൽ നിന്നുള്ള എ.എ.പി എം.പി ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്. സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ലോക്‌സഭാ സ്പീക്കറാണ് മന്നിനെ വിലക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വഷിക്കാന്‍ ഒമ്പതംഗ സമിതിയെ സ്പീക്കര്‍ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്ത് വിട്ടത് വിവാദമായതിനെത്തുടര്‍ന്ന് ഭഗവന്ത് മന്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാൽ വിഷയം വളരെ ഗൗരവതരമാണെന്നും ഭഗവന്ത് സിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ സുമിത്ര മഹാജൻ നേരത്തെ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേസ്ബുക്കിൽ ഭഗവന്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ഭഗവന്തിന്‍റെ വാഹനം പാര്‍ലമെന്‍റിലെ ബാരിക്കേഡുകള്‍ കടന്ന് അകത്ത് കയറുന്നതുമുതലുള്ള 12 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പഞ്ചാബിലെ ജനങ്ങളെ പാര്‍ലമെന്‍റ് പ്രവര്‍ത്തനരീതികള്‍ കാണിച്ചുകൊടുക്കാനാണ് വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിലിട്ടതെന്നായിരുന്നു എം.പി.യുടെ വിശദീകരണം. തുടർന്ന് ഇരുസഭകളിലും പ്രതിഷേധം രൂക്ഷമായിരുന്നു.