പിണറായി മുഖ്യമന്ത്രിയാകണം: ശാരദ ടീച്ചര്‍

03:00pm 26/4/2016
download (1)

കണ്ണൂര്‍ : സി.പി.എം. അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നു മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്‌നി ശാരദ ടീച്ചര്‍. ധര്‍മടം മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ്‌ പിണറായി ആശീര്‍വാദം തേടിയെത്തിയപ്പോഴായിരുന്നു ശാരദ ടീച്ചറുടെ പ്രതികരണം. പിണറായി മുഖ്യമന്ത്രിയായശേഷം വേണം ക്ലിഫ്‌ഹൗസില്‍ ഒരിക്കല്‍കൂടി വരാനെന്നും ടീച്ചര്‍ പറഞ്ഞു.
പിണറായി ധര്‍മടത്തുനിന്നു ജയിച്ചാല്‍ മാത്രം പോരാ, വന്‍ഭൂരിപക്ഷം നേടുകയും വേണം. മുമ്പു നായനാര്‍ക്കൊപ്പം താമസിച്ച ക്ലിഫ്‌ഹൗസില്‍ പിണറായി മുഖ്യമന്ത്രിയായിട്ടുവേണം ഒന്നുകൂടി വരാന്‍.
ഇത്തവണ വി.എസ്‌. അച്യുതാനന്ദന്‍ പിണറായിക്കുവേണ്ടി മുഖ്യമന്ത്രിപദത്തില്‍നിന്നു മാറിനില്‍ക്കുമെന്നാണു കരുതുന്നത്‌. ഇപ്പോഴത്തെ നിലപാടുകള്‍ കാണുമ്പോള്‍, പിണറായിയെ വി.എസ്‌. എതിര്‍ക്കില്ലെന്നുതന്നെയാണു തോന്നുന്നതെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. ടീച്ചറുടെ വാക്കുകള്‍ക്കു നിറചിരി മാത്രമായിരുന്നു പിണറായിയുടെ പ്രതികരണം. കല്യാശേരിയിലെ ഇടതുസ്‌ഥാനാര്‍ഥി ടി.വി. രാജേഷ്‌, കണ്ണൂരിലെ സ്‌ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.പി.എം. ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എം.വി. ജയരാജന്‍ തുടങ്ങിയവര്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന്‌, സി.പി.എം. ജില്ലാ കമ്മറ്റി ഓഫീസില്‍നിന്നു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഉച്ചയ്‌ക്കു 12.10-ന്‌ വരണാധികാരി അസിസ്‌റ്റന്റ്‌ ഡെവലപ്‌മെന്റ്‌ കമ്മിഷണര്‍ സാജു സെബാസ്‌റ്റ്യനു മുമ്പാകെ പിണറായി മൂന്നു സെറ്റ്‌ പത്രികകള്‍ സമര്‍പ്പിച്ചു.