പിണറായി വിജയന്‍ മുഖ്യമന്ത്രി

02:45pm 20/5/2016

images (10)
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി സിപിഎം പിബി അംഗം പിണറായി വിജയന്‍. ഇന്ന്‌ നടന്ന കേന്ദ്ര സംസ്‌ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. തീരുമാനം വിഎസ്‌ അച്യുതാനന്ദനെ എ കെ ജി സെന്ററിലേക്ക്‌ വിളിച്ചുവരുത്തി അറിയിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. തീരുമാനത്തോട്‌ എതിര്‍പ്പ്‌ അറിയിക്കാതെ വിഎസ്‌ മടങ്ങുകയും ചെയ്‌തു.
മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനായി ഇന്ന്‌ കേന്ദ്ര സംസ്‌ഥാന സെക്രട്ടറിയേറ്റുകള്‍ എകെജി സെന്ററില്‍ ചേര്‍ന്നിരുന്നു. പതിവിന്‌ വിപരീതമായി സംസ്‌ഥാന സെക്രട്ടറിയേറ്റിലേക്ക്‌ സീതാറാം യെച്ചൂരി തന്നെ വിഎസിനെ വിളിച്ചു വരുത്തുകയും രാവിലെ പത്തുമണിയോടെ വിഎസ്‌ മകനൊപ്പം എകെജി സെന്ററില്‍ എത്തിച്ചേരുകയുമായിരുന്നു.
വിഎസിന്റെ ആരോഗ്യം പരിഗണിച്ച്‌ പിണറായി മുഖ്യമന്ത്രിയാകുന്നതാണ്‌ നല്ലതെന്ന്‌ ആയിരുന്നു കേന്ദ്രനേതൃത്വം വിഎസിനെ അറിയിച്ചത്‌. വിഎസ്‌ എത്തിയ ശേഷമായിരുന്നു സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടും എകെജി സെന്ററില്‍ എത്തിയത്‌ തന്നെ. ഹൃസ്വമായ കൂടിക്കാഴ്‌ചയില്‍ വിഎസിനെ കേന്ദ്ര നേതൃത്വം തന്നെ വിവരം അറിയിക്കുകയായിരുന്നു. അരമണിക്കൂര്‍ എകെജി സെന്ററില്‍ ചെലവഴിച്ച വിഎസ്‌ പെട്ടെന്ന്‌ തന്നെ മടങ്ങുകയും ചെയ്‌തു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഉച്ചയ്‌ക്ക് ശേഷം സംസ്‌ഥാന കമ്മറ്റി അംഗീകാരം നല്‍കും.
വിഎസിനെ നായകനാക്കിയായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ സമീപിച്ചത്‌ എങ്കിലും പിണറായിയെ മുഖ്യമന്ത്രിയാക്കി പരോക്ഷമായി കാണിക്കുകയും ചെയ്‌തിരുന്നു. സംസ്‌ഥാന നേതൃത്വം മുഴുവന്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ പിണറായിയെ ആയിരുന്നു പിന്തുണച്ചത്‌. അതേസമയം തീര്‍ത്തും മാറ്റി നിര്‍ത്തുക അസാധ്യമായതിനാല്‍ ഇനി എന്തു പദവിയാണ്‌ വിഎസിനെ കാത്തു നില്‍ക്കുന്നതെന്നതാണ്‌ കേരളം ആകാംഷയോടെ കാത്തിരിക്കുന്നത്‌.