പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം; സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന്

09:31 am 24/10/2016

download

ലക്നോ: സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന് ലക്നൗവിൽ ചേരും. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ശ്രമം. എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം കിട്ടുമെന്ന് മുലായം സിംഗ് യാദവ് പ്രതികരിച്ചു. സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവപാൽ യാദവിനെയും അദ്ദേഹത്തെ പിന്തുണക്കുന്ന നാല് പേരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കി മുഖ്യമന്ത്രി തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ രാംഗോപാൽ യാദവിനെ പുറത്താക്കി ശിവ്പാൽ യാദവ് മറുപടി നൽകിയതോടെ പാർട്ടി പിളർപ്പിലേക്കെന്ന തോന്നലുളവാക്കി.
രാത്രി മുലായം സിംഗ് യാജവ് നേതാക്കളുടെ അടിയന്തരയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന മുഴുവൻ നേതാക്കളുടെയും യോഗം മുലായംസിംഗ് യാദവ് വിളിച്ചിട്ടുണ്ട്. കുടുംബത്തിനുള്ളിലെ പോര് പാർട്ടിയെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണ്ണായകമാണ്. എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം തരുമെന്നാണ് നേതൃയോഗത്തിന് ശേഷം മുലായം സിംഗ് പ്രതികരിച്ചത്. അമർസിംഗിനൊപ്പമുള്ളവരെ അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി അഖിലേഷ്.
ചില ചെകുത്താൻമാ‌ർ മുലായത്തിന് ചുറ്റും കൂടിരിക്കുന്നുവെന്നാണ് പുറത്താക്കപ്പെട്ട രാംഗോപാൽ യാദവ് മുലായത്തിനയച്ച കത്തിലെ വിമർശനം. മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്ന ചിലരാണ് പ്രശ്നത്തിന് കാരണമെന്നാണ് ശിവപാലിന്റെ പക്ഷം. ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സ്വന്തം വഴിതേടുമെന്ന് സൂചന അഖിലേഷ് നൽകിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ പാർട്ടിയുടെ സിൽവർ ജൂബിലി വർഷത്തിൽ ഒരു പിളർപ്പിന് സാക്ഷ്യം വഹിക്കും.