ന്യൂഡല്‍ഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍. തന്റെ ട്വിറ്ററിലൂടെയാണ് നിയമനടപടി സ്വീകരിക്കുന്ന വിവരം അറിയിച്ചത്. ട്രൈബ്യൂണല്‍ വിധിയില്‍ തൃപ്തിയില്ല. സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്. ജയിലില്‍ പോയാലും പിഴയടക്കില്ലെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.
അതേസമയം, സാംസ്കാരിക പരിപാടിയില്‍ നിന്ന് സിംബാബ് വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.
അതിനിടെ, സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൈന്യത്തെ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ നയം രൂപീകരിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രതിരോധ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ശ്രീശ്രീ രവിശങ്കറുടെ സാംസ്കാരിക പരിപാടിക്കായി സൈന്യത്തെ ഉപയോഗിച്ച് യമുനാ നദിക്ക് കുറുകെ പാലം നിര്‍മിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി.
സ്വകാര്യ ആവശ്യത്തിനായി സൈന്യം താല്കാലിക പാലം നിര്‍മിക്കുന്നത് രാജ്യത്ത് ആദ്യമായല്ല. 1997ല്‍ താജ് മഹലില്‍ പ്രശസ്ത സംഗീതജ്ഞന് യാനിയുടെ സംഗീതപരിപാടി സംഘടിപ്പിച്ചപ്പോള്‍ സൈന്യം താല്കാലിക പാലങ്ങള്‍ നിര്‍മിച്ചിരുന്നു.
യമുന നദിയില്‍ സൈന്യത്തെ ഉപയോഗിച്ച് ഒരു പാലം കൂടി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജല വിഭവ മന്ത്രി കപില്‍ മിശ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു. നിലവിലെ ഒരു പാലം കൊണ്ട് സാംസ്കാരിക പരിപാടിക്ക് എത്തുന്നവരുടെ യാത്ര സുഗമമാക്കാന്‍ സാധിക്കില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പാലത്തിലൂടെ ഒരേസമയം രണ്ട് എതിര് ദിശയിലേക്ക് ആളുകള്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന തിരക്ക് അപകടത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.