പി.എഫ് നികുതി തീരുമാനം പിന്‍വലിച്ചതായി അരുണ്‍ ജെയ്റ്റ്‌ലി

3:00pm 8/3/2016

download (1)

ന്യൂഡല്‍ഹി: പി.എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ഈടാക്കില്‌ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ഈടാക്കുമെന്ന ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. ഈ വിഷയത്തില്‍ തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചതായും അതുകൊണ്ട് ഇക്കാര്യം പുന:പരിശോധിച്ച് നികുതി തീരുമാനം പിന്‍വലിക്കുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സര്‍ക്കാറിന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല നികുതി ഏര്‍പെടുത്താന്‍ തീരുമാനിച്ചതെന്നും സേവനത്തില്‍ നിന്ന് വിരമിക്കുന്ന കാലത്തോ അല്ലാത്തപ്പോഴോ പിന്‍വലിക്കുന്ന പി.എഫ് തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റി അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 60 ശതമാനത്തിനുമേലുള്ള നികുതി നിര്‍ദേശം പൂര്‍ണമായും പിന്‍വലിക്കുന്നു. എന്നാാല്‍, പെന്‍ഷന്‍ തുക പിന്‍വലിക്കുമ്പോള്‍ 40 ശതമാനത്തിനു മാത്രമെ നികുതിയിളവുള്ളൂ എന്നും 60 ശതമാനത്തിന് നികുതിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

2016 ഏപ്രില്‍ ഒന്ന് മുതല്‍ തൊഴിലാളികള്‍ അടക്കുന്ന വിഹിതം വഴി ഇ.പി.എഫില്‍ സമാഹരിക്കപ്പെടുന്ന തുകയുടെ 40 ശതമാനം മാത്രമേ നികുതി മുക്തമായിരിക്കുകയുള്ളൂവെന്നും ബാക്കി തുക ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിയില്‌ളെങ്കില്‍ ആ തുകക്ക് നികുതി നല്‍കണം എന്നുമായിരുന്നു ബജറ്റ് നിര്‍ദേശം.