പി.എ സാംഗ്മ അന്തരിച്ചു

6:54pm 4/3/2016
th (7)
ന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കറും മേഘാലയ മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എ സാംഗ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പതിനാറാം ലോക്‌സഭയില്‍ അംഗം കൂടിയായ സാംഗ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയിച്ച ചരിത്രമുള്ള സാംഗ്മ ഒരിക്കല്‍ മാത്രമാണ് പരാജയം രുചിച്ചത്. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയോട് മത്സരിച്ച് പരാജയപ്പെട്ടതാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ സ്വാധീനമുള്ള സാംഗ്മ ദേശീയ രാഷ്ട്രീയത്തില്‍ ഇത് പ്രതിഫലിപ്പിച്ച് വിജയിച്ചിട്ടുണ്ട്. ഒമ്പതു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ തുറ സംവരണ മണ്ഡലത്തെ പ്രതിനിധികരിച്ചാണ് തുടര്‍ച്ചയായി ലോക്‌സഭയില്‍ എത്തിയത്. ശരദ് പവാറിനൊപ്പം ചേര്‍ന്ന് എന്‍.സി.പി സ്ഥാപിച്ച നേതാവ് കൂടിയാണ് സാംഗ്മ. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് സോണിയ ഗാന്ധി ഉയര്‍ന്നുവന്നതോടെ സോണിയയുടെ വിദേശ ജന്മപ്രശ്‌നം ഉന്നയിച്ച് പാര്‍ട്ടി വിടുകയായിരുന്നു.
ഏതു പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ചാലും മേഘാലയായിലെ ജനങ്ങള്‍ ഒരിക്കലും കൈവിടാത്ത നേതാവായിരുന്നു സാഗ്മ. മകള്‍ അഗത സാംഗ്മ 15ാം ലോക്‌സഭയില്‍ തുറ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായി എത്തി. യു.പി.എ സര്‍ക്കാരിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമായിരുന്നു അഗത. മകന്‍ കോണ്‍റാഡ് സാംഗ്മ മേഘാലയ നിയമസഭയില്‍ പ്രതിപക്ഷ നേതാവുമാണ്.