പി.സി.ജോർജ് എംഎൽഎയുടെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോൺഗ്രസ്-എം സെക്രട്ടറി സ്റ്റീഫൻ ജോർജ്

08:36 am 30/6/2017


കോട്ടയം: മുണ്ടക്കയം ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരേ തോക്കുചൂണ്ടിയ പി.സി.ജോർജ് എംഎൽഎയുടെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോൺഗ്രസ്-എം സെക്രട്ടറി സ്റ്റീഫൻ ജോർജ്. ജോർജിന് തോക്കു ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ സർക്കാർ റദ്ദാക്കണം. തോക്ക് ലൈസൻസ് ഉണ്ടെന്നു കരുതി ആർക്കെതിരെയും പ്രയോഗിക്കുന്നത് നിയമ ലംഘനവും കുറ്റകൃത്യവുമാണ്. ജനപ്രതിനിധിയായ ജോർജ് നടത്തിയ നിയമ ലംഘനത്തിനെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോക്കുണ്ടെന്നും വേണ്ടിവന്നാൽ താൻ വെടിവയ്ക്കുമെന്നും ജോർജ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ജോർജിനെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ അദ്ദേഹവുമായി ഇടപെടുന്നവരുടെ ജീവന് ഭീഷണിയാണ്. തോക്കുണ്ടെന്നു കരുതി ക്രമസമാധാന ലംഘനം നടത്താൻ ആരെയും അനുവദിക്കരുത്. മുണ്ടക്കയത്തെ പാവപ്പെട്ട തൊഴിലാളികൾ ജോർജിനെ ആക്രമിക്കാൻ വന്നവരല്ല. ജോർജിന്‍റേത് പക്വതയുള്ള സമീപനമല്ല. അപക്വമതികൾക്ക് തോക്ക് ലൈസൻസ് നൽകുന്നതിനെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.