പുകവലി പ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

11:24am 6/5/2016

– പി.പി.ചെറിയാന്‍
unnamed (2)
കലിഫോര്‍ണിയ: കലിഫോര്‍ണിയാ സംസ്ഥാനത്തെ പുകവലി പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തി ഒന്നാക്കി ഉയര്‍ത്തിയ ബില്ലില്‍ ഗവര്‍ണര്‍ ജറി ബ്രൗണ്‍ ഇന്ന് ഒപ്പിട്ടു.മെയ് 4ന് ഗവര്‍ണര്‍ ഒപ്പുവെച്ച ബില്ലില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

പുകവലി മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്ക് പ്രദേശിക തലത്തില്‍ പിരിച്ചെടുക്കുന്ന നികുതി പണം ചിലവഴിക്കുന്നതിനായി കൗണ്ടികള്‍ക്ക് അനുമതി നല്‍കുന്നതിന് തയ്യാറാക്കിയ ബില്‍ ഗവര്‍ണര്‍ വീറ്റോ ചെയ്തു. ഈ ബില്‍ വോട്ടറന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതായിരുന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുകയില നികുതി ഏറ്റവും കുറവ് ഈടാക്കുന്ന സംസ്ഥാനമാണ് കലിഫോര്‍ണിയ. വന്‍കിട പുകയില വ്യാപാരികള്‍ ഗവര്‍ണറുടെ വീറ്റൊ നടപടിയ്‌ക്കെതിരെ രംഗത്തെത്തി. വോട്ടെടുപ്പിലൂടെ ഗവര്‍ണറുടെ വീറ്റൊ റദ്ദാക്കാനാകുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

പുകവലി പ്രായം ഉയര്‍ത്തിയതും ഇ­സിഗററ്റ് ഉപയോഗം നിയന്ത്രിക്കുന്നതും ഹെല്‍ത്ത് കെയര്‍ പ്രത്യേക സെഷനില്‍ അംഗീകരിച്ചു. ജൂണ്‍ 9 മുതല്‍ നടപ്പാക്കും.

വര്‍ഷങ്ങളായി ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ചതില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, അമേരിക്കന്‍ ലങ്ങ് അസോസിയേഷന്‍, കാന്‍സര്‍ സൊസൈറ്റി, കലിഫോര്‍ണിയ മെഡിക്കല്‍ അസോസിയേഷന്‍ എന്നീ സംഘടനാ ഭാരവാഹികള്‍ ഗവര്‍ണരെ അഭിനന്ദിച്ചു