പുജാരയ്ക്കും വിജയ്ക്കും സെഞ്ചുറി; ഇന്ത്യ തിരിച്ചടിക്കുന്നു

02.00 AM 12/11/2106
india_1111
രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 537 റൺസ് പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 253/1 എന്ന നിലയിലാണ്. സെഞ്ചുറി കുറിച്ച ചേതേശ്വർ പുജാര (100*), മുരളി വിജയി (103*) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിനെ പ്രതിരോധിക്കുന്നത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഇതുവരെ 185 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 29 നേടിയ ഗൗതം ഗംഭീറിന്റെ വിക്കറ്റാണ് ഇന്ത്യക്കു മൂന്നാം ദിനം നഷ്‌ടമായത്. പുജാരയുടെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിലും പുജാര സെഞ്ചുറി നേടിയിരുന്നു.

നേരത്തെ, ജോ റൂട്ട്, മൊയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ഇന്ത്യൻ മണ്ണിൽ കുറിക്കുന്ന മൂന്നാമത്തെ വലിയ സ്കോറാണിത്. 1985ൽ നേടിയ 652/7 എന്നതാണ് ഉയർന്ന സ്കോർ. മൂന്നു വർഷത്തിനുശേഷമാണ് ഇന്ത്യൻ മണ്ണിൽ ഒരു സന്ദർശക ടീം ബാറ്റ്സ്മാൻ സെഞ്ചുറി നേടുന്നത്. 2013ൽ ക്ലാർക്കാണ് ജോ റൂട്ടിന്റെ മുൻഗാമി.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, ആർ.അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി. വിക്കറ്റ് നഷ്‌ടപ്പെടാതെ 63 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ചത്.