പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി

09:00 am 13/11/2016
images (1)
ന്യൂഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി. കറന്‍സിയുടെ മൂല്യം ദേവനാഗരി ലിപിയില്‍ കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരു ഭാഷക്കും പ്രത്യേക പ്രാധാന്യം കറന്‍സിയില്‍ നല്‍കാന്‍ പാടില്ളെന്ന ചട്ടം തിരുത്തി സംഘ്രാഷ്ട്രീയത്തിന് പഥ്യമായ ദേവനാഗരി ഭാഷയെ കറന്‍സിയില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തതെന്നാണ് ആക്ഷേപം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഹുഭാഷാ സമ്പന്നമായ ഇന്ത്യയില്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ എളുപ്പത്തില്‍ ഇംഗ്ളീഷ് അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന, ഗാന്ധിക്കണ്ണടയുള്ള ‘സ്വച്ഛ് ഭാരത്’ മുദ്രാവാക്യവും നോട്ടിലുണ്ട്. കറന്‍സിക്ക് ചരിത്രമൂല്യം കൂടിയുണ്ടെന്നിരിക്കെ, പഴയ കറന്‍സിയിലെ ലിഖിതങ്ങളില്‍ ഭേദഗതി വരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഭരണപരിഷ്കാരത്തിലൂന്നി നോട്ട് മാറ്റുകയാണ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, 2000 രൂപ നോട്ടിലുള്ള ഉറുദു എഴുത്തില്‍ തെറ്റ് സംഭവിച്ചതായി ആക്ഷേപമുയര്‍ന്നു. ഹസാര്‍ (ആയിരം) എന്നതിന് പകരം ബസാര്‍ (മാര്‍ക്കറ്റ്) എന്നാണ് അച്ചടിച്ചിട്ടുള്ളത്. ‘ദോ ബസാര്‍’ എന്നാണ് പുതിയ നോട്ടില്‍ ഉറുദുവിലുള്ളതെന്ന് ഉറുദു പണ്ഡിതന്‍ യു. മുഹമ്മദ് ഖലീലുല്ല പറഞ്ഞു. മലയാളമടക്കം 15 ഭാഷകളില്‍ രണ്ടായിരം രൂപ എന്ന് ചേര്‍ത്തതിലെ ഹിന്ദി പ്രയോഗത്തിലും പിശകുണ്ട്. ‘ദോ ഹസാര്‍ റുപയെ’ എന്നതിന് പകരം ‘ദോന്‍ ഹസാര്‍ റുപയെ’ എന്നാണ് അച്ചടിച്ചിട്ടുള്ളത്.