പൂജാബത്ര തിരിച്ചുവരുന്നു

08:10am 04/6/2016
download (5)
ചന്ദ്രലേഖയിലും മേഘത്തിലും ദൈവത്തിന്റെ മകനിലുമൊക്കെ പ്രത്യക്ഷപ്പെട്ട പൂജാബത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സാന്നിദ്ധ്യം അറിയിച്ച താരം ഹോളിവുഡ് സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു.
‘വണ്‍ അണ്ടര്‍ ദി സണ്‍’ എന്ന സിനിമയിലൂടെയാണ് താരം മടങ്ങി വരുന്നത്. ബഹിരാകാശ സഞ്ചാരിയായി താരം പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. 2016 കാന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. കാതറീന്‍ വോസ് എന്ന ബഹിരാകാശ സഞ്ചാരിണി ആയിട്ടാണ് പൂജ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ നിന്നും ദീര്‍ഘ കാലമായി അകന്നു നില്‍ക്കുന്ന പൂജ 10 വര്‍ഷത്തെ ഇടവേള ഒഴിവാക്കിയാണ് സിനിമയില്‍ തിരിച്ചെത്തുന്നത്. ഇതിനിടയില്‍ എബിസിഡി എന്ന സിനിമയില്‍ ഇവര്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പത്തു വര്‍ഷം മുമ്പ് അമേരിക്കയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ: സോനു അഹുല്‍വാലിയയെ വിവാഹം കഴിച്ച് ലോസ് ഏഞ്ചല്‍സില്‍ താമസിക്കുന്ന പൂജ വിവാഹമോചിതയായ ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. പത്തു വര്‍ഷം മുമ്പ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നെങ്കിലും താന്‍ ഒരിക്കലും സിനിമ വിട്ടിരുന്നില്ലെന്ന് പൂജ പറയുന്നു. അഭിനയ ശില്‍പ്പശാലകളും ഓഡിഷനിംഗും ഒക്കെയായി കഠിനാദ്ധ്വാനത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം പൂര്‍ണ്ണമായും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.