പെട്രോബാസ് എണ്ണക്കമ്പനി അഴിമതിക്കേസ്: ലുലാ ദ സില്‍വക്കെതിരെ കുറ്റപത്രം

12:20 10/3/2016
download (2)

ബ്രസീലിയ: പെട്രോബാസ് എണ്ണക്കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ദ സില്‍വക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ കുറ്റപത്രം തയാറാക്കി. അദ്ദേഹത്തിന്റെ മകനടക്കം പതിനാറോളം പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ നിരപരാധിയാണെന്നും ലുലാ ദ സില്‍വ പറഞ്ഞു.

മുമ്പ് നിരവധി തവണ ചോദ്യംചെയ്യലിന് ഹാജരായ ദ സില്‍വയെ യുദ്ധസമാനമായ രീതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയെ അപലപിച്ച ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് ലുലാ ദ സില്‍വക്ക് നേരത്തെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തന്റെ പേരിലുള്ള സന്നദ്ധ സംഘടനക്കായും ദല്‍മ റൂസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായും അഴിമതിപണം ഉപയോഗിച്ചെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. കേസന്വേഷണത്തെ തുടര്‍ന്ന് നിരവധി കമ്പനി ജീവനക്കാരെയും രാഷ്ട്രീയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് പദവിയില്‍ നിന്ന് 2011ലാണ് സില്‍വ സ്ഥാനമൊഴിഞ്ഞത്.