10.10 PM 01-09-2016
സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവി കസ്റ്റഡിയില്‍
പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു ശ്രമിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ആഗസ്റ്റ് 27നായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍നിന്നും വൈകിട്ട് ഏഴോടെ സ്റ്റേഷനിലേക്കു ചെല്ലണമെന്നും ചെന്നില്ലെങ്കില്‍ വനിതാ പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്കു ശ്രമിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന പേരില്‍ ഒറ്റപ്പാലം സ്റ്റേഷനിലേക്കു വിളിപ്പിച്ച് പോലീസ് ഭീഷണിപ്പെടുത്തുകയും ഭാവി ഇല്ലാതാകുമെന്നും കേസ് പിന്‍വലിക്കുന്നതാണ് നല്ലതെന്നും പറയുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു.
പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളിലേക്കു സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് നടന്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടികള്‍ ബഹളം വച്ചതോടെ ശ്രീജിത്ത് രവി പെട്ടെന്നു കാര്‍ ഓടിച്ചുപോകുകയായിരുന്നു.
അതേസമയം, ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ പരാതിക്കാരായ പെണ്‍കുട്ടികളെ സന്ധ്യാസമയത്തിനുശേഷം മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. ഈ സമയത്ത് വനിതാ പോലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നില്ല.
ശ്രീജിത്ത് രവി സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളയാളാണെന്നും അത്തരക്കാരോട് ഏറ്റുമുട്ടാന്‍ നിന്നാല്‍ ഭാവി ഇല്ലാതാകുമെന്നും ഇയാള്‍ കുട്ടികളോടു പറഞ്ഞുവെന്നാണ് ആരോപണം. ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കുറ്റകൃത്യം ചെയ്തത് ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.