പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ രേഖാ ചിത്രവുമായി സാമ്യമുള്ള രാജസ്ഥാനി കസ്റ്റഡിയില്‍

08:15am 04/6/2016
images (4)
തൃശൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയുടേതെന്ന നിലയില്‍ പുറത്തുവിട്ട രേഖാചിത്രവുമായി രൂപസാദൃശ്യമുള്ളയാളെ തൃശൂരിനടുത്ത് പേരാമംഗലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു. രജനീഷി (20) രാജസ്ഥാന്‍ സ്വദേശിയാണ് വെള്ളിയാഴ്ച വൈകീട്ടോടെ പേരാമംഗലം പൊലീസിന്‍െറ കസ്റ്റഡിയിലായത്. വരടിയത്ത് ടൈല്‍സിന്‍െറ പണിയില്‍ ഏര്‍പ്പെട്ടുവരുന്ന ഇയാളെ ജിഷ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ചോദ്യം ചെയ്ത് വിരലടയാളവും മറ്റും ശേഖരിച്ച് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന ഉറപ്പില്‍ തൊഴിലുടമയുടെ ജാമ്യത്തില്‍ വിട്ടു.

പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസത്തെി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഇയാള്‍ വരടിയത്ത് ടൈലിന്‍െറ ജോലിക്കത്തെിയത്. അതിന് മുമ്പ് മൂന്നാഴ്ചയോളം തോളൂരിലും അതിന് മുമ്പ് ആമ്പല്ലൂരിലും ജോലി ചെയ്തുവന്നുവെന്ന് പൊലീസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘമത്തെി ചോദ്യം ചെയ്ത ശേഷമാണ് ജാമ്യത്തില്‍ വിടാന്‍ തീരുമാനിച്ചത്. ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍, ഫോണ്‍കോള്‍ വിശദാംശങ്ങള്‍, വിരലടയാളം, ഡി.എന്‍.എ പരിശോധന മുതലായവ നടത്തുമെന്ന് പൊലീസ് അറിയിച്ചു.