പെല്ലറ്റ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരിലെ മരണസംഖ്യ ഉയര്‍ന്നേനെയെന്ന് സി.ആര്‍.പി.എഫ്

09:55 am 30/8/2016
download (2)
ശ്രീനഗര്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നുവെന്നും അത് കശ്മീരില്‍ കൂടുതല്‍ മരണം വിതക്കുമായിരുന്നുവെന്നും സി.ആര്‍.പി.എഫ്. പെല്ലറ്റ് ഗണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായി ജമ്മു-കശ്മീര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെല്ലറ്റ് തോക്ക് പിന്‍വലിച്ചാല്‍ തോക്കുപയോഗിച്ച് വെടിവെക്കുകയല്ലാതെ സി.ആര്‍.പി.എഫിന് മറ്റുമാര്‍ഗമില്ല.

അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ തോക്കുപയോഗിക്കുമ്പോള്‍ അരക്കുതാഴേക്ക് ഉന്നംപിടിക്കണമെന്നാണ് നിയമം. എന്നാല്‍, പിറകില്‍നിന്നും മുന്നില്‍നിന്നും കല്ളേറും മറ്റു രീതിയില്‍ ആക്രമണങ്ങളുമുണ്ടാവുമ്പോള്‍ ഈ രീതിയില്‍ കൃത്യമായി ഉന്നംപിടിക്കാന്‍ കഴിയില്ളെന്നും പലപ്പോഴും ആക്രമണകാരികള്‍ ഓടുകയായിരിക്കുമെന്നും സൈനിക വിഭാഗം കോടതിയില്‍ പറഞ്ഞു. ഹിസ്ബ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടശേഷം സി.ആര്‍.പി.എഫ് മാത്രം നടത്തിയ ആയുധപ്രയോഗത്തിന്‍െറ കണക്കാണ് കോടതിയിലത്തെിയത്. എന്നാല്‍, പൊലീസ് നടത്തിയ ആയുധപ്രയോഗത്തിന്‍െറ കണക്ക് സമര്‍പ്പിച്ചിട്ടില്ല.
നിരവധി ചെറുപ്പക്കാരെ അന്ധതയിലേക്കും ശാരീരികാവശതകളിലേക്കും തള്ളിവിട്ട സൈന്യത്തിന്‍െറ പെല്ലറ്റ്ഗണ്‍ ഉപയോഗം കശ്മീരില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. 500ലേറെ ചെറുപ്പക്കാര്‍ക്കാണ് കണ്ണില്‍ പെല്ലറ്റ് കൊണ്ട് പരിക്കേറ്റത്. ആഗസ്റ്റ് രണ്ടിന് കൊല്ലപ്പെട്ട 21കാരന്‍െറ ശരീരത്തില്‍നിന്ന് 360 പെല്ലറ്റുകള്‍ കണ്ടെടുക്കുകയുണ്ടായി. ജൂലൈ എട്ടിനുശേഷം കശ്മീരില്‍ പ്രക്ഷോഭകര്‍ക്കുനേരെ 17 ലക്ഷത്തോളം പെല്ലറ്റാണ് ഉപയോഗിച്ചത്. 2010ലാണ് സി.ആര്‍.പി.എഫ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചുതുടങ്ങിയത്.