പൊലീസ് ഉദ്യോഗസ്ഥരില്‍ മദ്യപാനശീലം വ്യാപകമാണെന്നും ഇതു തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി

08:11 am 24/12/2016
images (1)

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരില്‍ മദ്യപാനശീലം വ്യാപകമാണെന്നും ഇതു തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജീവിതശൈലീരോഗങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന വലിയ വെല്ലുവിളി. ജോലിയുടെ സ്വഭാവമാണ് ഇവക്ക് നിദാനം. ഇതോടൊപ്പം മദ്യത്തിന്‍െറ ഉപയോഗം ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

ഇതു സേനയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യമുള്ള സേനയെ വാര്‍ത്തെടുക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും ബെഹ്റ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നേത്രപരിശോധനയുടെ സംസ്ഥാനതല ഉദ്ഘാടനം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ ഓഫിസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് അധ്യക്ഷതവഹിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് മേധാവി എ. ഹേമചന്ദ്രന്‍, മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കോസ് എബ്രഹാം, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഭയ് ജോര്‍ജ്, റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോ. സഹസ്രനാമം, ഡോ. ദേവിന്‍ പ്രഭാകര്‍, കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ വി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വസ്തി ഫൗണ്ടേഷന്‍െറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ജില്ലകളില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് സേനാംഗങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്ന തരത്തിലാണ് പദ്ധതി.